26 April Friday

കരവിഴുങ്ങി 
തിരമാലകൾ

സ്വന്തം ലേഖകർUpdated: Wednesday Jul 6, 2022

കടലാക്രമണം രൂക്ഷമായ എറിയാട് കടപ്പുറം / ഫോട്ടോ: കെ എസ് പ്രവീണ്‍ കുമാര്‍

കൊടുങ്ങല്ലൂർ/നാട്ടിക/ചാവക്കാട് 
ജില്ലയിൽ തീരദേശത്ത് കടലാക്രമണം രൂക്ഷമായി. എറിയാടും ഏങ്ങണ്ടിയൂരും പുന്നയൂർക്കുളത്തും മുനക്കകടവിലും  കടൽക്ഷോഭിച്ച നിലയിലാണ്. കുഴിപ്പൻ തിരമാലകൾ കര കുഴിച്ചെടുക്കുന്നു.   
എറിയാട് നിരവധി വീടുകളിൽ വെള്ളം കയറി. തീരദേശ റോഡ് തകർന്നു. നൂറുകണക്കിന് വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടതോടെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അറപ്പത്തോട് പൊട്ടിച്ച് വെള്ളം കടലിലേക്കൊഴുക്കി.  എറിയാട് പഞ്ചായത്തിലെ മുസിരീസ് മുനക്കൽ ബീച്ച്മുതൽ എടവിലങ്ങ് പഞ്ചായത്തിലെ കാരവാക്കടപ്പുറംവരെയുള്ള തീരത്താണ് കടൽക്ഷോഭം രൂക്ഷമായത്.
ചൊവ്വാഴ്‌ച രാവിലെ  ആരംഭിച്ച കടൽക്ഷോഭം വൈകിട്ടോടെയാണ് രൂക്ഷമായത്. കടൽഭിത്തി കടന്നും ജിയോ ബാഗ് തടയണയ്‌ക്കു മുകളിലൂടെയും ആഞ്ഞടിച്ച തിരമാലകൾ പ്രദേശത്തെ വെള്ളക്കെട്ടിലാക്കി.  വെള്ളം ഒഴിഞ്ഞുപോകാനുള്ള ബ്ലാങ്ങാചാൽ തോടും ചെറു തോടുകളും മണലടിഞ്ഞ് മൂടിയതോടെ ജനങ്ങൾ ദുരിതത്തിലായി. ഇതോടെ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാര പുതിയ റോഡിലെ അറപ്പത്തോട് പൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിവിടുകയായിരുന്നു. 
കടൽക്ഷോഭത്തിൽ തീരദേശ റോഡ് പൂർണമായി തകർന്നു. പലയിടത്തും റോഡിനുമീതെ വലിയ മണൽക്കൂനകളാണുള്ളത്. അഴീക്കോട് മുനക്കൽ മുസിരീസ് ബീച്ച്മുതൽ വടക്കോട്ട് തീരത്തിന്റെ അടിഭാഗം തുരന്നാണ് കടൽ കരയിലേക്ക് കയറിയത്. ലൈറ്റ് ഹൗസ്, ആറാട്ടുവഴി പ്രദേശങ്ങളിൽ കടലിനോട് ചേർന്ന വീടുകളിൽ വെള്ളം കയറി. ജിയോ ബാഗ് തടയണ കടന്ന് കിഴക്കോട്ട് വെള്ളം ഒഴുകി. എറിയാട് ചന്ത കടപ്പുറത്ത് ജിയോ ബാഗ് തടയണകൾ കടലെടുത്തു. നിരവധി തെങ്ങുകൾ കടലാക്രമണത്തിൽ നിലംപൊത്തി. കടൽഭിത്തി വിട്ട് 50 മീറ്ററിനുള്ളിലുള്ള വീടുകൾ ഏതു നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. കടലാക്രമണം രൂക്ഷമായതോടെ മത്സ്യത്തൊഴിലാളികൾ കടലിൽ പോയിട്ടില്ല. തീരദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ അധികാരികൾ ആവശ്യപ്പെട്ടു.
നാട്ടികയിൽ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ബീച്ചിലാണ് ചൊവ്വ രാവിലെ മുതൽ രൂക്ഷമായ കടലേറ്റമുണ്ടായത്. നിരവധി തെങ്ങുകൾ വീണിട്ടുണ്ട്‌. തീരദേശ റോഡിലേക്കും വെള്ളം കയറുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ പ്രദേശത്ത് ശക്തമായ കടൽക്ഷോഭമുണ്ട്‌. അഞ്ഞൂറ് മീറ്ററിൽ കൂടുതൽ കര  കടലെടുത്തിട്ടുണ്ട്.  ഉയർന്ന തിരമാലകളുണ്ടാകാൻ സാധ്യതയുള്ളതിനാൽ കടൽത്തീരങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സുശീല സോമന്റെ നേതൃത്വത്തിൽ കടലേറ്റ പ്രദേശങ്ങൾ സന്ദർശിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ  സതീഷ് പനക്കൽ, ബിന്ദു സുരേഷ് എന്നിവരുമുണ്ടായിരുന്നു. 
ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവുമുതൽ തൊട്ടാപ്പുവരെയും പുന്നയൂർക്കുളം പഞ്ചായത്തിലെ തീരത്തും കടൽക്ഷോഭം രൂക്ഷം. തീരദേശത്തെ നിരവധി വീടുകളും സ്ഥാപനങ്ങളും വെള്ളത്തിലായി. മുനക്കക്കടവ് മേഖലയിലും അഞ്ചങ്ങാടി വളവ്, മൂസ റോഡ്, വെളിച്ചെണ്ണപ്പടി മേഖലകളിലാണ് കടൽക്ഷോഭം ശക്തമായത്‌. തിരകൾ കരയും കടന്ന് തീരദേശ റോ‍ഡിലേക്ക് കയറിയിട്ടുണ്ട്. ചൊവ്വാഴ്‌ച പകൽ മൂന്നോടെയാണ് കടൽക്ഷോഭമുണ്ടായത്‌. 
പുന്നയൂർക്കുളം പഞ്ചായത്തിലെ പാപ്പാളിമുതൽ ജില്ലാ അതിർത്തിയായ കാപ്പിരിക്കാടുവരെയും കടൽ പ്രക്ഷുബ്ധമാണ്‌. പാപ്പാളി, അണ്ടത്തോട് തങ്ങൾപ്പടി, കാപ്പിരിക്കാട്, പാലപ്പെട്ടി മേഖലകളിൽ ദിവസങ്ങളായി തിരയേറ്റമുണ്ടെങ്കിലും വൈകിട്ടോടെ കടൽക്ഷോഭം കനത്തു. ജില്ലാ അതിർത്തിമുതൽ കാപ്പിരിക്കാടുവരെ സ്ഥാപിച്ച ജിയോ ബാഗുകൾ കടലെടുത്തു. കരിങ്കൽഭിത്തി പൂർണമായും തകർന്നു. രണ്ടു വീടുകൾ ഏതുസമയവും കടൽ കയറാവുന്ന നിലയിലാണ്. അലിയാർ നമസ്‌കാര പള്ളിയും കടലേറ്റ ഭീഷണിയിലാണ്‌. രണ്ടാഴ്ചയ്‌ക്കിടെ പതിനഞ്ച്‌ തെങ്ങുകളാണ് കാപ്പിരിക്കാട് ബീച്ചിൽ കടപുഴകിയത്. കാപ്പിരിക്കാടും  പാലപ്പെട്ടിയിലും റോഡുകളുടെ കുറച്ചുഭാഗം കടലെടുത്തു. കാപ്പിരിക്കാട് നിന്നു പാലപ്പെട്ടി ബീച്ചിലേക്കുള്ള ലിങ്ക് റോഡ് ഭാഗികമായി ഒലിച്ചു പോയതോടെ ഈ പ്രദേശങ്ങളിലേക്കുള്ള റോഡ്‌ ഗതാഗതവും തടസ്സപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top