29 March Friday

കൈക്കൂലി വാങ്ങുന്നതിനിടെ 
റവന്യു ഇൻസ്‌പെക്ടർ പിടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ 
റവന്യു ഇൻസ്‌പെക്ടർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023
തൃശൂർ 
കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപറേഷൻ റവന്യു  ഇൻസ്‌പെക്ടറെ വിജിലൻസ്‌ സംഘം പിടികൂടി. കോർപറേഷൻ  കണിമംഗലം സോണൽ ഓഫീസിലെ റവന്യു ഇൻസ്‌പെക്ടർ നാദിർഷായെയാണ്‌ പണം വാങ്ങി പാന്റിന്റെ പോക്കറ്റിൽ വയ്‌ക്കുന്നതിനിടെ വിജിലൻസ്‌ പിടികൂടിയത്‌.    
ഭൂമിയുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് കൂർക്കഞ്ചേരി  കണിമംഗലം സ്വദേശിയിൽനിന്ന്‌ രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം  മാറ്റുന്നതിനായി  കോർപറേഷൻ  കണിമംഗലം മേഖലാ ഓഫീസിൽ പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിരുന്നു. നാദിർഷാ  സ്ഥലം പരിശോധന പൂർത്തിയാക്കുകയും ചെയ്‌തു. തുടർന്നാണ്‌ കൈക്കൂലി ആവശ്യപ്പെട്ടത്‌. 
പരാതിക്കാരൻ പനമുക്ക് കൗൺസിലർ എ ആർ രാഹുൽനാഥിനെ  വിവരം അറിയിച്ചു. കൗൺസിലറുടെ നിർദേശാനുസരണം വിവരം വിജിലൻസിന് കൈമാറി. വിജിലൻസ് ഫിനോൾഫ്‌തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽനിന്ന്‌ നാദിർഷാ സ്വീകരിക്കുന്ന സമയത്ത് മറഞ്ഞിരുന്ന ഡിവൈഎസ്‌പി സി ജി ജിംപോളിന്റെ നേതൃത്വത്തിലുള്ള  സംഘം കൈയോടെ പിടികൂടുകയായിരുന്നു. 
നാദിർഷായ്‌ക്കെതിരെ നേരത്തേ  മൂന്ന്‌ പരാതികൾ വിജിലൻസിന്‌ ലഭിച്ചിരുന്നു. മൂന്നാഴ്‌ചയായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന്‌ നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ ഇയാൾ കൈയോടെ പിടിയിലാകുന്നത്‌. 
വിജിലൻസ് സംഘത്തിൽ ഗ്രേഡ് എസ്‌ഐമാരായ പി ഐ പീറ്റർ, എഎസ്‌ഐമാരായ ജയകുമാർ,  ബൈജു, സിവിൽ പൊലീസ് ഓഫീസർമാരായ വിബീഷ്, സൈജു സോമൻ, രഞ്ജിത്ത്, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് ഡ്രൈവർമാരായ ബിജു, എബി തോമസ് എന്നിവർ ഉണ്ടായിരുന്നു.  നാദിർഷായെ തൃശൂർ വിജിലൻസ്‌ കോടതി റിമാൻഡ്‌ ചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top