26 April Friday

നല്ല നാടകങ്ങളോടെ തുടക്കം

കെ ഗിരീഷ്Updated: Monday Feb 6, 2023

ഇറ്റ്‌ഫോക്കിൽ അരങ്ങേറിയ സാംസൺ നാടകത്തിൽ നിന്ന്‌

തൃശൂർ
ഇറ്റ്‌ഫോക്കിന്റെ പതിമൂന്നാം പതിപ്പിന് നിറഞ്ഞ തുടക്കം. തത്സമയസംഗീതത്തിന്റേയും നൃത്തത്തിന്റേയും സമൃദ്ധിയിൽ വേദിയെ കുലുക്കിയ ദക്ഷിണാഫ്രിക്കയിലെ തേഡ്‌ വേൾഡ്‌ ബൺ ഫൈറ്റിനുവേണ്ടി ബ്രെറ്റ്‌ ബെയ്‌ലി സംവിധാനം ചെയ്‌ത  സാംസണും  ഗൗരവപ്പെട്ട രാഷ്‌ട്രീയ നിലപാട്‌  മുന്നോട്ടുവച്ച, മഹാരാഷ്‌ട്രയിലെ ദ തിയറ്റർ കമ്പനിക്കുവേണ്ടി അതുൽകുമാർ സംവിധാനം ചെയ്‌ത ‘ടെയ്‌ക്കിങ്‌ സൈഡ്‌സും’  കുടുംബത്തിനകത്തെ പെൺനിലവിളികളുടേയും ആൺ ആക്രോശങ്ങളുടേയും കഥ പറഞ്ഞ, എൻക്ലേവ്‌ തിയറ്റർ കമ്പനിക്കുവേണ്ടി കെ എസ്‌ പ്രതാപൻ സംവിധാനം ചെയ്‌ത ‘നിലവിളികൾ മർമരങ്ങൾ ആക്രോശങ്ങൾ’ എന്നീ നാടകങ്ങളാണ്‌ ആദ്യദിനത്തിൽ അരങ്ങേറിയത്‌. 
ബൈബിളിലെ സാംസൺ –-ദലീല കഥയുടെ സമകാലീനതയാണ്‌ ‘സാംസൺ’ നാടകം പറഞ്ഞത്‌. എബ്രായ ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ട ഒരു ശക്തൻ തന്റെ ജനത്തെ അവരുടെ ഫെലിസ്‌ത്യ മേധാവികളിൽനിന്ന് മോചിപ്പിക്കാൻ നടത്തുന്ന പോരാട്ടത്തെയും ഫെലിസ്ത്യൻ സ്ത്രീയായ ദലീല അവനെ ഒറ്റിക്കൊടുക്കുന്നതുമാണ്‌ കഥ.    -കുടിയേറ്റം, അസഹിഷ്ണുത, കൊളോണിയലിസം,  മുതലാളിത്ത നയങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ നാടകം പങ്കുവയ്‌ക്കുന്നു. വിഖ്യാതസംഗീതജ്ഞർ നയിച്ച്‌ തത്സമയ സംഗീതവും വേഷവും നൃത്തരൂപങ്ങളും ചേർന്ന്‌ നാടകം സമൃദ്ധമായി. 
1975െ ലെ അടിയന്തരാവസ്ഥക്കാലത്തെ ഒരു ക്രിസ്‌ത്യൻ കുടുംബത്തിനകത്തെ
 വിവിധശ്രേണിയിലുള്ള സ്‌ത്രീകളുടെ ജീവിതവും പുരുഷന്റെ അപ്രമാദിത്വവുമാണ്‌ ‘നിലവിളികൾ, മർമരങ്ങൾ ആക്രോശങ്ങൾ’ പറഞ്ഞത്‌. അിടയന്തരാവസ്ഥയുടെ പീഡിതകാലത്തിൽനിന്ന്‌ മുന്നോട്ടുപോയിട്ടും കുടുംബങ്ങൾക്കകത്തെ പെൺജീവിതങ്ങൾക്ക്‌ കാര്യമായ മാറ്റമുണ്ടാവുന്നില്ലെന്ന്‌ നാടകം പറയാതെ പറയുന്നു. അഭിനയമികവിലും സാങ്കേതിക മികവിലും മികവു പുലർത്തിയ നാടകം കാണികളുടെ മനസ്സു നിറച്ചു. 
1995-ൽ ബ്രിട്ടീഷ് നാടകകൃത്ത് റൊണാൾഡ് ഹാർവുഡ് രചിച്ചനാടകമായ ടെയ്‌കിങ്‌ സൈഡ്‌സ്‌ സംഗീതവും കലയും രാഷ്ട്രീയവും സമൂഹത്തിൽ എങ്ങനെ കലഹിക്കുന്നുവെന്നും കലാകാരന്മാർ ധാർമികതയുടെയും നൈതികതയുടെയും  മേഖലയെ എങ്ങനെ നേരിടുന്നുവെന്നും  സൂക്ഷ്മമായി പരിശോധിക്കുന്നു. 
മൂന്നാം റെയ്‌കിന്റെ സംഗീത കമ്പോസറും കണ്ടക്ടറുമായ ജർമ്മനിയുടെ വിൽഹെം ഫർട്ട്‌വാങ്‌ലറെ കേന്ദ്രീകരിച്ചാണ്‌ നാടകം .  സമകാലീന ഇന്ത്യനവസ്ഥയിൽ കലാകാരന്മാർ മറുപടി പറയേണ്ട ചോദ്യമാണ്‌ നാടകം ഉന്നയിച്ചത്‌. സംഭാഷണപ്രധാനവും അഭിനയപ്രധാനവുമായ നാടകം ഉയർന്ന നിലവാരത്തിലായിരുന്നുവെങ്കിലും ഭാഷയും അടിക്കുറിപ്പുകളിലില്ലാതിരുന്നതും കാണികൾക്ക്‌ മടുപ്പുളവാക്കി. രാത്രി അരങ്ങേറിയ ഇന്ത്യ ഓഷ്യൻ മ്യൂസിക്‌ ബാൻഡ്‌ ജനം ആഘോഷമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top