തൃശൂർ
സഹകരണമേഖലയെ തകർക്കുന്ന കേന്ദ്ര ഏജൻസികളുടെ നയങ്ങൾക്കും ബിജെപി–- കോൺഗ്രസ് –-മാധ്യമ കള്ള പ്രചാരണങ്ങൾക്കുമെതിരെ എൽഡിഎഫ് ജാഥകൾക്ക് തുടക്കം. തൃശൂരിൽ 14ന് നടക്കുന്ന ജനകീയ സഹകരണ സംരക്ഷണ സംഗമത്തിന്റെ പ്രചരണാർഥമുള്ള കാൽനട ജാഥകളാണ് ബുധനാഴ്‌ച ആരംഭിച്ചത്.
എൽഡിഎഫിന്റെ 13 നിയമസഭാ മണ്ഡലം കമ്മിറ്റികളാണ് പ്രചാരണജാഥകൾ സംഘടിപ്പിക്കുക. നാലുദിവസംവീതമാണ് പര്യടനം. ബുധനാഴ്‌ച രണ്ടു ജാഥകൾക്ക് തുടക്കമായി. ടി കെ സുധീഷ് ക്യാപ്‌റ്റനായ കയ്‌പമംഗലം മണ്ഡലം ജാഥ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസും യു പി ജോസഫ് ക്യാപ്‌റ്റനായ ചാലക്കുടി ജാഥ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജും ഉദ്‌ഘാടനം ചെയ്‌തു.
കയ്പമംഗലത്ത് പി കെ ഷാജു അധ്യക്ഷനായി. ജാഥാക്യാപ്‌റ്റനെക്കൂടാതെ എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾഖാദർ, ഇ ടി ടൈസൺ എംഎൽഎ, വൈസ് ക്യാപ്റ്റൻ പി എം അഹമ്മദ്, മാനേജർ പി കെ ചന്ദ്രശേഖരൻ, ടി പി രഘുനാഥ്, പി വി മോഹനൻ, മുഹമ്മദ് ചാമക്കാല, അഡ്വ. വി കെ ജ്യോതി പ്രകാശ്, എ വി സതീഷ്, കെ വി ശ്രീധരൻ എന്നിവർ സംസാരിച്ചു.
വ്യാഴാഴ്ച രാവിലെ 9.30ന് എടത്തിരുത്തി ബസാറിൽനിന്നാരംഭിക്കുന്ന ജാഥ പുളിച്ചോട്, സി വി സെന്റർ, അലുവത്തെരുവ്, ചെന്ത്രാപ്പിന്നി സെന്റർ, കാളമുറി, അമ്പലനട എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഒറ്റത്തൈ സെന്ററിൽ സമാപിക്കും.
ചാലക്കുടിയിൽ സി ആർ വത്സൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റനെക്കൂടാതെ വൈസ് ക്യാപ്റ്റൻ ഡെന്നീസ് കെ ആന്റണി, മാനേജർ ജോർജ് വി ഐനിക്കൽ, ബി ഡി ദേവസി, കെ എസ് അശോകൻ, കെ എസ് സതീഷ്‌കുമാർ, എം ബി ഗംഗാധരൻ, പി ഡി നാരായണൻ, ആതിര ദേവരാജൻ, സൗമിനി മണിലാൽ എന്നിവർ സംസാരിച്ചു.
വ്യാഴം രാവിലെ ഒമ്പതിന് കുറ്റിച്ചിറയിൽനിന്നാരംഭിച്ച് മോതിരക്കണ്ണി, പരിയാരം സെന്റർ എന്നിവിടങ്ങളിൽ പര്യടനം നടത്തി എലിഞ്ഞിപ്രയിൽ സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..