28 September Thursday
കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ പുനഃസംഘടന

പൊട്ടിത്തെറിച്ച്‌ പത്മജ ; 
ഇടഞ്ഞ്‌ വിശ്വനാഥൻ

സ്വന്തം ലേഖകൻUpdated: Monday Jun 5, 2023
തൃശൂർ
കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരെ നിശ്ചയിച്ചുള്ള പ്രഖ്യാപനം നടന്നതിനു പിന്നാലെ ജില്ലയിലെ കോൺഗ്രസ്‌ നേതൃത്വത്തിനിടയിൽ കടുത്ത പ്രതിഷേധം. വടക്കാഞ്ചേരിയിൽ ഡിസിസി സെക്രട്ടറി രാജി വച്ചതിനു പിന്നാലെ മറ്റിടങ്ങളിലും രാജിയും തർക്കങ്ങളും തുടരുകയാണ്‌. ജില്ലയിലെ 26 ബ്ലോക്കുകളിൽ 24 ഇടത്താണ്‌  പ്രസിഡന്റുമാരെ പ്രഖ്യാപിക്കാനായത്‌.  ചേലക്കര, പാണഞ്ചേരി ബ്ലോക്കുകളിൽ പ്രസിഡന്റുമാരെ നിശ്ചയിക്കാൻ കഴിയാത്തവിധം സ്ഥിതി രൂക്ഷമാണ്‌. നേരത്തേ തയ്യാറാക്കിയ ലിസ്‌റ്റ്‌ കെപിസിസി സെക്രട്ടറി പത്മജ വേണുഗോപാലിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിൽ വെട്ടിത്തിരുത്തിയാണ്‌ പുതിയ ലിസ്‌റ്റ്‌ ഇറക്കിയത്‌. ജില്ലയിലെ മുതിർന്ന നേതാവായ കെ പി വിശ്വനാഥൻ ഉൾപ്പെടെയുള്ള നേതാക്കൾ നിർദേശിച്ച പേരുകൾ പരിഗണിക്കാതെ, പ്രവർത്തനരംഗത്ത്‌ ഇല്ലാത്തവരെപോലും സ്വന്തം താൽപ്പര്യത്തിന്റെ പേരിൽ ഉൾപ്പെടുത്തിയാണ്‌ സുധാകരൻ ലിസ്‌റ്റ്‌ പുറത്തിറക്കിയത്‌. എ ഗ്രൂപ്പിന്‌ വൻ നഷ്ടം സംഭവിച്ച പട്ടിക പുറത്തുവന്നതോടെയാണ്‌ തർക്കങ്ങൾ രാജിയിലേക്കും കൈയാങ്കളിയിലേക്കും തിരിഞ്ഞത്‌. 
നേരത്തെ എ ഗ്രൂപ്പിന് 11 ബ്ലോക്ക്‌ കമ്മിറ്റികൾ ഉണ്ടായിരുന്നത്‌  ഇത്തവണ ഒമ്പതിലേക്ക് ചുരുങ്ങി. ഇതിൽ പുതിയ എ ഗ്രൂപ്പിന് രണ്ടു ബ്ലോക്കും ലഭിച്ചു. ഐ ഗ്രൂപ്പിന്‌ 17 പ്രസിഡന്റുമാരെയും ലഭിച്ചു. ഗുരുവായൂരിൽ കൊച്ചിയിൽ യുവം പരിപാടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ച് വിവാദത്തിലായ ഗോപപ്രതാപന് പകരം അരവിന്ദൻ പള്ളത്താണ് പുതിയ പ്രസിഡന്റ്‌. തൃശൂരിൽ തന്റെ നോമിനിയായ ജോസഫ്‌ ചാലിശേരിയെ പ്രസിഡന്റാക്കിയില്ലെങ്കിൽ ബിജെപിയിലേക്ക്‌  പോകുമെന്ന ഭീഷണിയെ തുടർന്നാണ്‌ നിലവിൽ തീരുമാനിച്ചിരുന്ന ബൈജു വർഗീസിനെ മാറ്റി  ചാലിശേരിയെ തിരുകിക്കയറ്റിയതെന്ന്‌ ഒരു വിഭാഗം നേതാക്കൾ പറഞ്ഞു. ടി എൻ പ്രതാപന്റെ ഏകാധിപത്യത്തിനെതിരെയും പത്മജ ആഞ്ഞടിച്ചു. 
ചേലക്കരയിൽ നിലവിലുണ്ടായ പ്രസിഡന്റിനെതിരെ ആരോപണമുയർന്നതിനെ തുടർന്ന് വിനോദ് പന്തലാടിയാണ് ചുമതല വഹിക്കുന്നത്. പാണഞ്ചേരിയിൽ എം പി വിൻസെന്റിന്റെ  നോമിനിയായ കെ സി അഭിലാഷാണ് പ്രസിഡന്റ്‌. രണ്ടിടത്തും  ഗ്രൂപ്പുകൾ വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറാവാത്തതാണ് പുതിയ പ്രസിഡന്റിനെ നിയമിക്കാനാകാഞ്ഞത്‌. രണ്ടോ മൂന്നോ ബ്ലോക്കുകൾ ഒഴികെ മറ്റു ബ്ലോക്കുകളിലെല്ലാം പ്രസിഡന്റ്‌ നിയമനത്തിനെതിരെ തർക്കം തുടരുകയാണ്‌. 
പുതിയ ബ്ലോക്ക് പ്രസിഡന്റുമാർ
 വള്ളത്തോൾ നഗർ–-- പി ഐ ഷാനവാസ്, കുന്നംകുളം–- - അഡ്വ. സി ബി രാജീവ്, കടവല്ലൂർ–- - സുരേഷ് മാംപറമ്പിൽ, ഗുരുവായൂർ–-- അരവിന്ദൻ പള്ളത്ത്, വടക്കേക്കാട്–- - വി കെ ഫസലുഅലി,  മണലൂർ–- - ദീപൻ, പാവറട്ടി–- -സി ജെ സ്റ്റാൻലി, വടക്കാഞ്ചേരി–-- പി ജി ജയദീപ്, അടാട്ട്–- - വിബിൻ വടേരിയാട്ടിൽ, ഒല്ലൂർ–- - റിസൻ വർഗീസ്, തൃശൂർ–- - ഫ്രാൻസിസ് ചാലിശേരി, അയ്യന്തോൾ–- - കെ പി രാധാകൃഷ്ണൻ, നാട്ടിക–- - പി ഐ ഷൗക്കത്തലി, ചേർപ്പ്–- സിജോ ജോർജ്, കയ്‌പമംഗലം–-  സുനിൽ പി മേനോൻ, എറിയാട്–- - പി ബി മൊയ്തു, അളഗപ്പനഗർ–-- അലക്സ് ചുക്കിരി, പുതുക്കാട്–-- ടി എം ചന്ദ്രൻ, ചാലക്കുടി–- - വി ഒ പൈലപ്പൻ, പരിയാരം–-  - എം ടി ഡേവിസ്, ഇരിങ്ങാലക്കുട–- - സോമൻ ചിറ്റേത്ത്, കാട്ടൂർ–- - ഷാറ്റോ കുരിയൻ, മാള–- -എൻ എസ് വിജയൻ, കൊടുങ്ങല്ലൂർ–- -ഇ എ സാബു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top