19 April Friday

കുമ്പളങ്ങാട് ബിജു വധക്കേസ്: 
വിചാരണ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Feb 5, 2023

 തൃശൂർ

സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകനായിരുന്ന  വടക്കാഞ്ചേരി  കുമ്പളങ്ങാട്  ചാലയ്ക്കൽ ബിജു (31)  വിനെ ആർഎസ്‌എസ്‌ സംഘം  വെട്ടിക്കൊലപ്പെടുത്തിയ കേസിൽ  വിചാരണ തുടങ്ങി.   മൂന്നാം അഡീഷണൽ  ജില്ലാ  ആന്റ്‌ സെഷൻസ്  ജഡ്ജ് മിനിമോൾ മുമ്പാകെയാണ് വിചാരണ നടക്കുന്നത്.  2010 മെയ്‌ 16ന്‌  കുമ്പളങ്ങാട്  ഗ്രാമീണ വായനശാലയുടെ മുൻവശത്താണ്‌  സംഭവം.  ബിജെപി, ആർഎസ്എസ് പ്രവർത്തകരായ  പ്രതികൾ ബിജുവിന്റെ തലയിലും കയ്യിലും  വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തടുക്കാൻ ചെന്ന സിഐടിയു ചുമട്ടുതൊഴിലാളിയായ  കുമ്പളങ്ങാട്   പന്തലങ്ങാട്ട്  ജിനീഷിനെയും (24)  വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു.  ജിനീഷിന്‌ കയ്യിലും കാലിലും വെട്ടേറ്റു. 
 ഈ കേസിൻെറ സാക്ഷി വിസ്താരവും പുനരാരംഭിച്ചു. കുമ്പളങ്ങാട് മൂരായിൽ ജയേഷ്, ഇരവുകുളങ്ങര സുമേഷ്, കുറ്റിക്കാടൻ സെബാസ്റ്റ്യൻ, തൈക്കാടൻ ജോൺസൺ, കിഴക്കോട്ടിൽ ബിജു, ചെമ്പകശേരി രവി, കരിമ്പനവളപ്പിൽ സജീഷ് , സുനീഷ്, കരിമ്പനവളപ്പിൽ സതീഷ് എന്നിവരാണ്‌ പ്രതികൾ. ആറാം പ്രതിയായ  രവി കേസ് നടന്നുകൊണ്ടിരിക്കെ മരിച്ചു. പരിക്കേറ്റ  ജിനീഷ് അടക്കം മൊത്തം 47 സാക്ഷികളാണ് കേസിലുള്ളത്.  
ജിനീഷ്‌,  മൂന്നും ഏഴും സാക്ഷികളായ ബിജു, അജേഷ് കുമാര്‍ എന്നിവരുടെ വിസ്താരവും പൂര്‍ത്തിയായി. വടക്കാഞ്ചേരി സർക്കിൾ ഇൻസ്പെക്ടറായിരുന്ന  കുന്നംകുളം  ഡിവൈഎസ്‌പി  ടി എസ്  സിനോജാണ്   കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. കെ ഡി ബാബു, അഡ്വ. ശരത് ബാബു കോട്ടക്കൽ എന്നിവർ ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top