25 April Thursday

വിസ്‌മയമൊരുക്കി ജസീറയുടെ ‘ഖലം’

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021
വെങ്കിടങ്ങ്
ഖലമിൽ വിസ്മയം തീർക്കുകയാണ് പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം വർഷ വിദ്യാർഥിനിയായ ജസീറ. ഉണങ്ങിയ മുളയുടെ തണ്ട്  പേനയുടെ നിബ്ബ് മാതൃകയിൽ മുറിച്ചെടുക്കുന്ന എഴുത്താണിയാണ്‌ ഖലം. ഈ പേന മഷിയിൽ മുക്കി പെൻസിൽ കൊണ്ട് എഴുതിയ അക്ഷരങ്ങൾക്ക് നിറം നൽകി മനോഹരമായ സൃഷ്ടികളാക്കി മാറ്റുകയാണ് ഈ കൊച്ചു മിടുക്കി. സാധാരണ കടകളിൽ ഖലം  ലഭിക്കാത്തതിനെത്തുടർന്ന്   ഓൺലൈനിൽ അന്വേഷിച്ചപ്പോഴാണ് ഖലമിന്റെ ലഭ്യത ബോധ്യപ്പെട്ടത്. വെറും 299 രൂപയ്‌ക്ക് വ്യത്യസ്‌ത രൂപത്തിലുള്ള ആറ്‌ ഖലമാണ് ജസീറയ്‌ക്ക് ലഭിച്ചത്. 
കോവിഡ് കാലത്ത് വീട്ടിൽ അടച്ചുപൂട്ടിയിരിക്കുമ്പോഴാണ്  ഇങ്ങനെയൊരു ഉദ്യമം തുടങ്ങിയത്. ആദ്യം മാർക്കർ പേന ഉപയോഗിച്ച് എഴുതിയെങ്കിലും പൂർണത അനുഭവപ്പെടാതെ വന്നപ്പോഴാണ് ഖലമിൽത്തന്നെ എഴുതിത്തുടങ്ങിയത്. അറബിയിലെ ഒരക്ഷരം മാത്രം എഴുതാൻ നാലും അഞ്ചും തവണ ഈ പേന മഷിയിൽ മുക്കേണ്ടിവരും. 
തൊയക്കാവ്  പണിക്കവീട്ടിൽ  റഷീദിന്റെയും ഹസ്നത്തിന്റെയും മകളാണ് ജസീറ. പിതാവ് വിദേശത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനി നടത്തുകയാണ്.  ജസീറ സൃഷ്ടികൾക്ക് ഓൺലൈൻ മാർക്കറ്റിലൂടെ വിപണി കണ്ടെത്തിക്കഴിഞ്ഞു. ലോക അറബി ദിനമായ ഡിസംബർ 18 ന് പഠിക്കുന്ന  വിദ്യാലയത്തിൽ തന്റെ രചനകളുടെ ഒരു എക്സിബിഷൻ   സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top