27 April Saturday

കൂർക്കകൃഷിയിൽ വിജയം കൊയ്‌ത്‌ അന്നം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

വെള്ളാഞ്ചിറ പാടത്ത് കൂര്‍ക്ക കൃഷി പരിചരിക്കുന്ന അന്നം

ചാലക്കുടി

എൺപതിന്റെ നിറവിലും വെള്ളാഞ്ചിറ പാടത്ത് കൂർക്കകൃഷിയിൽ നൂറുമേനി വിളയിച്ച് അന്നം. വെള്ളാഞ്ചിറ വേലത്തിപ്പറമ്പിൽ അന്തോണിയുടെ ഭാര്യ അന്നത്തിന് കൃഷി ജീവശ്വാസമാണ്.   കർഷകകുടംബത്തിൽ ജനിച്ച അന്നം കഴിഞ്ഞ അമ്പതിലധികം വർഷമായി ഈ മേഖലയിൽ സജീവമാണ്. സ്വന്തമായുള്ള രണ്ടര ഏക്കറോളം സ്ഥലത്ത് ഇപ്പോഴും   കൃഷിയിറക്കുന്നുണ്ട്. നെൽകൃഷി കഴിഞ്ഞാൽ പച്ചക്കറി കൃഷിയിറക്കും. പയർ, വെണ്ട, മത്തൻ, എളവൻ തുടങ്ങിയവയാണ് ഇവിടെ വിളയിച്ചെടുക്കുന്നത്. മൂന്നു വർഷം മുമ്പാണ് പരീക്ഷണാടിസ്ഥാനത്തിൽ കൂർക്ക കൃഷിയിലേക്ക് തിരിഞ്ഞത്. ആദ്യ വിളവെടുപ്പിൽ   നല്ല വിളവ് ലഭിച്ചു. മുപ്പത്‌ സെന്റ് സ്ഥലത്താണ് ഇപ്പോൾ കൂർക്ക നട്ടിരിക്കുന്നത്. രണ്ടാഴ്ചയ്‌ക്കുള്ളിൽ വിളവെടുപ്പിന് പാകമാകും. നാടൻ വിത്തുകളാണ് ഉപയോഗിച്ചത്. ആട്ടിൻകാഷ്ഠമാണ് വളം. നാടൻ കൂർക്ക മൂന്നുമാസം കൊണ്ട് പാകമാകും.   വിവാഹശേഷം, കർഷകനായ ഭർത്താവിനൊപ്പം   കൃഷിയിലേക്കിറങ്ങി. ഈയടുത്ത് ഭർത്താവ് മരിച്ചതോടെ അദേഹം തുടങ്ങിവച്ച കൃഷി   മുന്നോട്ട് കൊണ്ടുപോവുകയാണ് അന്നം. കൃഷിയിലൂടെയാണ് തന്റെ കുടുംബം പച്ചപിടിച്ചതെന്ന് അന്നം. മൂന്ന് പെൺമക്കളേയും നല്ല രീതിയിൽ കെട്ടിച്ചയച്ചു. രണ്ട് ആൺമക്കളേയും നല്ല നിലയിലെത്തിക്കാനായി. കൃഷിയിൽനിന്നും ലഭിച്ച പണംകൊണ്ട് രണ്ടര ഏക്കറോളം സ്ഥലം സ്വന്തമാക്കി.   ആരോഗ്യം ഉള്ളിടത്തോളം കാലം കൃഷി തുടരണമെന്നാണ് അന്നത്തിന്റെ ആഗ്രഹം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top