19 April Friday
കുഴൽപ്പണം

തൃശൂരിൽ ബിജെപി 
ഒഴുക്കിയത്‌ 15 കോടി

സ്വന്തം ലേഖകൻUpdated: Wednesday Aug 4, 2021
തൃശൂർ
നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി ഇറക്കിയത്‌ 15 കോടിയിലേറെ രൂപ. ജില്ലാ ട്രഷറർ സുജയസേനൻ വഴി  ഏഴ്‌ തവണ  പണം ഇറക്കിയതായും പൊലീസ്‌ കണ്ടെത്തൽ. ബിജെപി ജില്ലാ നേതൃത്വമാണ്‌ കുഴൽപ്പണം ഇറക്കിയ ധർമരാജനും സംഘത്തിനും താമസസൗകര്യമൊരുക്കിയത്‌.   കവർച്ചക്കേസിലെ  പ്രതികളെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലേക്ക്‌  വിളിച്ചു വരുത്തിയതായും നേരത്തേ കണ്ടെത്തിയിരുന്നു. ഇപ്പോൾ പണമൊഴുക്കിന്റെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. 
കൊടകര കവർച്ചക്കേസിലെ പ്രത്യേക അന്വേഷകസംഘം ഇഡിക്കും തെരഞ്ഞെടുപ്പു കമീഷനും ഇൻകംടാക്‌സ്‌ വകുപ്പിനും സമർപ്പിച്ച റിപ്പോർട്ടിലാണ്‌ പണമിടപാടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്‌.  
 മാർച്ച്‌  12ന്‌ അമല ആശുപത്രി പരിസരത്ത്‌ സുജയ് സേനന്‌ രണ്ടു കോടി കൈമാറി 13ന്   വീണ്ടും ഇതേ സ്ഥലത്തു‌വച്ച്‌   1.5  കോടിയും  14ന്‌ വിയ്യൂരിൽവച്ച്‌ 1.5 കോടിയും  കൈമാറി. 27ന്‌  ഒരുകോടിയും  31ന്‌   1.10 കോടിയും വീണ്ടും  കൈമാറി.  ഏപ്രിൽ മൂന്നിന്‌   6.3 കോടി തൃശൂർ  ബിജെപി ഓഫീസിലെത്തിച്ച്‌ സുജയ് സേനന്‌ കൈമാറി.  അഞ്ചിന്‌ വീണ്ടും തൃശൂരിൽ രണ്ടുകോടി  എത്തിച്ചതായാണ്‌ പൊലീസ്‌ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്‌. 
  പൊലീസ്‌ കണ്ടെത്തലിനു പുറമെ മറ്റു മാർഗങ്ങളിലൂടെ കൂടുതൽ പണവും എത്തിയതായാണ്‌ സൂചന.  
നടൻ സുരേഷ്‌ ഗോപി മത്സരിച്ച തൃശൂരിലുൾപ്പെടെ കോടികൾ ഇറക്കി തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കലായിരുന്നു ലക്ഷ്യമെന്നാണ്‌ സൂചന.   കവർച്ചനടന്നയുടൻ ബിജെപി  മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ, ജില്ലാ ട്രഷറർ സുജയ് സേനൻ എന്നിവർ കൊടകരയിലെത്തിയിരുന്നു. പൊലീസിൽ വിവരമറിയിക്കാതെ പണം കടത്തിയ ധർമരാജനെയും പ്രതി റഷീദിനെയും കൂട്ടി ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലെത്തി. ജില്ലാ ജനറൽ സെക്രട്ടറി  കെ ആർ ഹരിയും ഓഫീസിലെത്തിയിരുന്നു.   
ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാർ പ്രതിയുമായി കൂടിക്കാഴ്‌ച നടത്തിയതായും കുറ്റപത്രത്തിലുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top