29 March Friday
ആഡംബരവാഹനങ്ങൾക്ക്‌ വായ്‌പ വാങ്ങി തട്ടിപ്പ്‌

അമ്മയും മകനും വീണ്ടും അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021
ഗുരുവായൂർ
ഐപിഎസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ മകനും അമ്മയും വീണ്ടും അറസ്റ്റിൽ. ആഡംബരവാഹനത്തിന് ലോണെടുത്ത് ആർസി ബുക്ക് തിരുത്തി മറിച്ചു വിറ്റാണ്‌ പുതിയ തട്ടിപ്പ്‌. കോഴിക്കോട് ഫറൂക്ക് രാമനാട്ടുകര കല്ലുവളവ് പെരുമുഖം നികേതത്തിൽ കാർത്തിക് വേണുഗോപാലിനെ(29)യാണ് ഗുരുവായൂർ അസി. കമീഷണർ  കെ ജി  സുരേഷ്, ടെമ്പിൾ സ്റ്റേഷൻ ഓഫീസർ സി  പ്രേമാനന്ദകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള  സംഘം അറസ്റ്റ് ചെയ്തത്. വ്യാജരേഖ സമർപ്പിച്ച കേസിൽ ഇയാളുടെ അമ്മ ശ്യാമള വേണുഗോപാലിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജരേഖകളുണ്ടാക്കി ആറു ബാങ്കുകളിൽനിന്നും  ലക്ഷങ്ങളുടെ തട്ടിപ്പ്  നടത്തിയതിനും ഐഒബി ബാങ്ക് മാനേജരെ കബളിപ്പിച്ച് 25 ലക്ഷവും 97 പവൻ സ്വർണവും കൈവശപ്പെടുത്തിയതിനും 2019- ഒക്ടോബറിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് ഇരുവരെയും അറസ്റ്റ്‌ചെയ്തിരുന്നു.
കബളിപ്പിക്കലിനിരയായ  പഞ്ചാബ് നാഷണൽ ബാങ്ക്‌ അധികൃതർ പരാതി നൽകാതെ സംഭവം ഒത്തുതീർക്കാൻ ശ്രമിച്ചു.  ഈ ശ്രമം പരാജയപ്പെട്ടതോടെ 2021 ഫെബ്രുവരിയിൽ ​പരാതി നൽകി. തുടർന്ന്  നടത്തിയ അന്വേഷണത്തിൽ വാഹനങ്ങൾ മറിച്ചുവിറ്റതായി തെളിഞ്ഞു. പൊലീസ് നിർദേശിച്ചതനുസരിച്ച്  വാഹനങ്ങൾ ഇപ്പോഴത്തെ ഉടമസ്ഥർ സ്റ്റേഷനിൽ ഏൽപ്പിച്ചു.  പ്രതികളെ പിടികൂടാനായിരുന്നില്ല. ഗുരുവായൂരിലെ ഇന്ത്യൻ ഓവർസീസ് ബാങ്ക്, സിൻഡിക്കറ്റ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽനിന്നും രണ്ടുകാറുകൾ വീതവും ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖയിൽനിന്നും വായ്‌പയെടുത്ത് സൗഹൃദം സ്ഥാപിച്ച്‌  ബാങ്ക് മാനേജർ സുധാദേവിയിൽനിന്നും 97-പവൻ സ്വർണാഭരണങ്ങളും 25-ലക്ഷം രൂപയും തട്ടിയെടുത്തു. വ്യത്യസ്‌ത തിരിച്ചറിയൽ രേഖകളും  മേൽവിലാസവും നൽകിയാണ്   ആഡംബര വാഹനങ്ങൾക്ക്‌ വായ്‌പയെടുത്തത്‌. വ്യാജരേഖ ചമച്ച് ആർടിഓയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്  സംഘടിപ്പിച്ചാണ്‌ വാഹനവിൽപ്പന.   പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന്‌ രണ്ടുകാറുകൾക്കായി 25 ലക്ഷവും വായ്പയെടുത്തിരുന്നു. ഹുണ്ടായ് ഐ ട്വന്റി കാറിനായി 9.5 ലക്ഷം രൂപയും ഹുണ്ടായ് ക്രിസ്റ്റ കാറിനായി 14.5 ലക്ഷം രൂപയുമായിരുന്നു വായ്പ.  ക്രിസ്റ്റ കാർ വാങ്ങാതെ മറ്റൊരു ഐ ട്വന്റി കാർ വാങ്ങി   ആർ സി ബുക്കിൽ ക്രിസ്റ്റ എന്ന്‌ രേഖപ്പെടുത്തി വ്യാജ  ആർ സി ബുക്കുണ്ടാക്കി ബാങ്കിൽ നൽകി. ടാറ്റ കൺസൾട്ടൻസിയിൽ സിസ്റ്റം മാനേജരായി ജോലിചെയ്യുന്നതിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് കാർത്തിക് വേണുഗോപാൽ കാറുകൾ വാങ്ങുന്നതിന്‌ വായ്‌പയെടുത്തത്‌. പിന്നീടിവ മറിച്ചുവിറ്റു.  ബാങ്ക് വായ്പ തീർത്തതായും വ്യാജ രേഖയുണ്ടാക്കി.  മുങ്ങിയ  കാർത്തിക്കിന്റെ മൊബൈൽ നമ്പർ  പരിശോധിച്ചായിരുന്നു അറസ്‌റ്റ്‌. തുടർന്ന്‌ അമ്മ ശ്യാമള സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ജമ്മു കശ്മീരിലെ ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മകനും പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ചമഞ്ഞ് അമ്മയും ചേർന്നാണ്  കോടികളുടെ തട്ടിപ്പുനടത്തിയത്. ജമ്മുകശ്മീർ കുപ്പുവാര ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ വ്യാജ സീലും ഒപ്പും വച്ചുള്ള ശമ്പള സർട്ടിഫിക്കറ്റുണ്ടാക്കിയാണ്‌ കാർത്തിക് വേണുഗോപാലിന്റെ തട്ടിപ്പുകൾ. തലശേരി ലോക്കൽഫണ്ട് ഓഡിറ്റോഫീസിൽ പ്യൂണായിരുന്ന ശ്യാമളയെ ഓഫീസറുടെ പേരിൽ വ്യാജ സാലറി സർട്ടിഫിക്കറ്റുണ്ടാക്കി തട്ടിപ്പുനടത്തിയതിന് വർഷങ്ങൾക്കുമുമ്പ്  പിരിച്ചുവിട്ടിരുന്നു. ഇരുവരെയും കോടതി റിമാൻഡ്‌ ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top