29 March Friday
മാരിപ്പെയ്‌ത്ത്‌, കടലേറ്റം

തീരത്ത്‌ ആശങ്കയുടെ തിര

സ്വന്തം ലേഖകൻUpdated: Monday Jul 4, 2022

കടലേറ്റം രൂക്ഷമായ എറിയാട് തീരം

കൊടുങ്ങല്ലൂർ
 കനത്ത മഴയ്‌ക്കും കാറ്റിനുമൊപ്പം തീരത്തെ ആശങ്കയിലാക്കി കടലേറ്റം തുടങ്ങി. ഞായർ പകൽ 12ന് കടലേറ്റം രൂക്ഷമായതോടെ എറിയാട് ഒന്നാം വാർഡിൽ 300 മീറ്ററോളം കരയിലേക്ക് കടൽവെള്ളം ഇരച്ചുകയറി. 
വാർഡ് 20 ലും കടൽ കരയിലേക്ക് കയറി. നിരവധി വീടുകൾക്കു മുന്നിൽ കടൽജലം നിറഞ്ഞു. ഏതു നിമിഷവും വീടുകൾക്കുള്ളിലേക്ക് വെള്ളം കയറാവുന്ന സ്ഥിതിയാണ്. കടൽത്തീരത്ത് 50 മീറ്ററിനുള്ളിൽ താമസിച്ചിരുന്ന പലരും പുനർഗേഹം പദ്ധതിയിൽ വീട് ലഭിച്ച് കടപ്പുറത്തെ വീട് ഒഴിഞ്ഞുപോയതിനാൽ ഇത്തവണ കടലാക്രമണം ഇവരെ ബാധിക്കില്ല. എന്നാൽ, വീടൊഴിഞ്ഞു പോകാത്തവർ ഭീതിയിലാണ്. എറിയാട് പഞ്ചായത്തിലെ ഒന്നാം വാർഡ് ചന്ത കടപ്പുറത്താണ് കഴിഞ്ഞ വർഷം കടലാക്രമണം ശക്തമായി അനുഭവപ്പെട്ടത്. ഒരു കിലോമീറ്റർ ദൂരമാണ് കിഴക്കോട്ട് കടൽകയറിയത്. കടലാക്രമണത്തിൽ ജിയോ ബാഗ് തടയണ പൂർണമായി തകർന്നു പോയി. ഇപ്പോൾ മണൽക്കൂനകൾ തീർത്ത് കടൽ ജലത്തെ തടയാനുള്ള പരിശ്രമത്തിലാണ് നാട്ടുകാർ .
എന്നാൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കുന്നതോടെ ഈ ശ്രമവും പാഴാകുകയാണെന്ന് വാർഡംഗം സാറാബി ഉമ്മർ പറഞ്ഞു. കനത്ത തിരയിൽ കരയിലേക്ക് വെള്ളം ഇരച്ചെത്തുന്നതിനൊപ്പം വൻതോതിൽ മണലും കിഴക്കോട്ട് ഒഴുകിയെത്തുന്നു. ഈ മണൽ അടിഞ്ഞ് ബ്ലാങ്ങാചാൽ തോട് മൂടിയ സ്ഥിതിയാണ്. 
ഈ പ്രദേശത്തെ വെള്ളം ഒഴുകിപ്പോകുന്ന പ്രധാന തോടാണ് മണൽ മൂടിയത്. കടലാക്രമണം കൂടുതൽ ശക്തമായാൽ വെള്ളം ഒഴിഞ്ഞുപോകാനാകാതെ പ്രദേശമാകെ വെള്ളത്താൽ ചുറ്റപ്പെടും. കടൽഭിത്തി തകർന്ന ഭാഗങ്ങളിലൂടെ ശ്രീനാരായണപുരം, മതിലകം, എടവിലങ്ങ് പഞ്ചായത്തുകളിലും കടൽ കരയിലേക്ക് കയറുന്നുണ്ട്. 
കാരവാക്കടപ്പുറം, പുതിയ റോഡ് പ്രദേശങ്ങളിലും കടൽ കയറിയിട്ടുണ്ട്. ജിയോ ബാഗ് തടയണ തീർത്ത് കടലാക്രമണത്തിൽനിന്ന് സംരക്ഷിക്കണമെന്ന് തീരവാസികൾ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top