19 April Friday

തൃശൂര്‌ ഇനീം മാറും ട്ടാ...

സ്വന്തം ലേഖകൻUpdated: Thursday Dec 3, 2020
തൃശൂർ
അടിമുടി മാറാനൊരുങ്ങുകയാണ്‌ തൃശൂർ പട്ടണം. കോർപറേഷൻ എൽഡിഎഫ്‌  പ്രകടന പത്രിക വിഭാവനം ചെയ്യുന്നത്‌ സ്വപ്‌ന നഗരത്തെയാണ്‌. തൃശൂരിന്റെ സാംസ്കാരിക ഖ്യാതി നിലനിർത്തി, പൈതൃകപ്പെരുമകൾ സംരക്ഷിച്ചുകൊണ്ട്‌ ആധുനികജീവിത നിലവാരത്തിലേക്ക്‌ നഗരത്തെ മാറ്റുമെന്നാണ്‌ ഇടതുപക്ഷം ഉറപ്പുനൽകുന്നത്‌. നഗരത്തിന്റെ മുഖം മാറ്റുന്ന പദ്ധതികൾ ഇതെല്ലാം.‌.
നഗരവികസനം: മാസ്റ്റര്‍പ്ലാന്‍ 
നഗരാസൂത്രണ മാസ്റ്റര്‍ പ്ലാന്‍ രൂപീകരിച്ച് സമ്പൂര്‍ണമായി നടപ്പാക്കും. പുഴയ്ക്കല്‍, മണ്ണുത്തി തുടങ്ങിയ ഉപഗ്രഹനഗരങ്ങള്‍  പരിസ്ഥിതി സൗഹൃദമാക്കും. എല്ലായിടങ്ങളിലും വെഹിക്കിള്‍ ഫ്രീ സോണുകള്‍, ഭിന്നശേഷി സൗഹൃദ നടപ്പാതകളും. തേക്കിന്‍കാട്, പ്രധാന ജങ്ഷനുകള്‍, സര്‍ക്കിളുകള്‍, ഡിവിഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍  ഗ്രീന്‍ സ്പേസുകള്‍. സമ്പൂര്‍ണ വൈഫൈ സൗകര്യമുള്ള കോര്‍പറേഷനാക്കും.
പാരമ്പര്യ നഗര പദ്ധതി 
തൃശൂര്‍ നഗരത്തിന്റെ പ്രൗഢിയും  പെരുമയും പൗരാണികതയും സംരക്ഷിക്കുന്നതിനായി പാരമ്പര്യനഗരപദ്ധതി നടപ്പിലാക്കും.   ദേവസ്വങ്ങളുടെ സഹകരണത്തോടെ പഴമയും പുതുമയും സംയോജിപ്പിച്ച് തേക്കിന്‍കാട് സൗന്ദര്യവല്‍ക്കരിക്കും. കോര്‍പറേഷന്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയശേഷം  എം ഒ റോഡിലുള്ള നിലവിലെ ഓഫീസ് കെട്ടിടം ഹെറിറ്റേജ് മ്യൂസിയമാക്കും. അവിടെ സന്ദര്‍ശകര്‍ക്ക് വിശ്രമകേന്ദ്രവും കഫ്‌റ്റേരിയയും ഒരുക്കും. 
വരുന്നു വ്യവസായ പാർക്കുകൾ
ചെറുകിട വ്യവസായ സംരംഭങ്ങളുടെ പ്രോത്സാഹനത്തിന് കൂടുതല്‍ വ്യവസായ പാര്‍ക്കുകളും. വനിതാ വ്യവസായ കേന്ദ്രങ്ങളും . ജില്ലയിലെ പ്രധാന കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്കരണ യൂണിറ്റുകള്‍  സ്ഥാപിക്കും. ഐടി അനുബന്ധ മേഖലകളിലും എൻജിനിയറിങ്‌ മേഖലകളിലും നൂതന സംരംഭങ്ങള്‍ ക്കായി യുവാക്കൾക്ക്‌ ഇന്നോവേഷന്‍ ഇന്‍കുബേഷന്‍ ഫണ്ട് രൂപീകരിക്കും. സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കും.
കുടിവെള്ളം, ജലവിതരണം  
കരുവന്നൂര്‍ പദ്ധതി പൂര്‍ത്തീകരിക്കും.  പീച്ചി സംസ്കരണശാലയ്ക്കും പൈപ്പ് ലൈനുകള്‍ക്കും കൃത്യമായ പരിപാലനം . 24 മണിക്കൂറും  കുടിവെള്ളം ലഭ്യമാക്കും. എല്ലാ വീട്ടിലും വാട്ടര്‍ കണക്ഷന്‍ വ്യാപിപ്പിക്കും. എല്ലാ ജലസ്രോതസ്സുകളുടെയും ശുചീകരണവും സംരക്ഷണവും ഉറപ്പാക്കും.  കിണർ റീചാര്‍ജിങ്ങിന് സഹായം നല്കും. 
മാലിന്യ സംസ്കരണം  
പ്ലാസ്റ്റിക് മാലിന്യ പരിചരണം ഉള്‍പ്പെടെ, നിലവിലെ ഭരണസമിതി ആവിഷ്കരിച്ചു നടപ്പാക്കിയ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും. 
കൂടുതല്‍ വികേന്ദ്രീകൃത സംസ്കരണ യൂണിറ്റുകള്‍ ആരംഭിക്കും. അജൈവ മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും റീസൈക്ലിങ്ങിനും സംവിധാനം. ഇ–-വേസ്റ്റ് ശാസ്ത്രീയമായി കൈകാര്യം ചെയ്യാന്‍ പദ്ധതിക്ക് രൂപം നല്കും.
ഗതാഗത 
സംവിധാനം 
നഗരത്തിലെ ഗതാഗതക്കുരുക്ക് ഫലപ്രദമായി പരിഹരിക്കാന്‍ കഴിയുന്ന വിധത്തില്‍ പുഴയ്ക്കല്‍, മണ്ണുത്തി കേന്ദ്രീകരിച്ച് ബസ് ഹബ്ബുകള്‍, ദീര്‍ഘദൂര ബസുകള്‍ ഹബ്ബുകളില്‍ യാത്ര അവസാനിപ്പിച്ച് അവിടെനിന്നും നഗരത്തിലേക്ക്  മിനി ബസുകള്‍. നാറ്റ്പാക് സഹായത്തോടെ ട്രാഫിക്ക് പരിഷ്കരണം, ബസ് സ്റ്റാൻഡുകളുടെയും ബസ് ബേകളുടെയും നിര്‍മാണം, സ്വരാജ് റൗണ്ട്, ശക്തന്‍ സ്റ്റാൻഡ്, വടക്കേ സ്റ്റാൻഡ്, സെന്റ് തോമസ് കോളേജ് റോഡ്, കിഴക്കേക്കോട്ട, മണ്ണുത്തി എന്നീ കവലകളില്‍ നൂതന ട്രാഫിക് സംവിധാനങ്ങള്‍, റിങ് റോഡുകളുടെ പൂര്‍ത്തീകരണം, ഫ്ളൈഓവറുകളുടെയും മേല്‍പ്പാലങ്ങളുടെയും നിര്‍മാണം, ജനസൗഹൃദ ഫുട്പാത്തുകള്‍.
സാംസ്കാരികനഗരം 
സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി, ലളിതകലാ അക്കാദമി, കോര്‍പറേഷന്‍ സ്റ്റേഡിയം, തേക്കിന്‍കാട് മൈതാനം തുടങ്ങി എല്ലാ സാംസ്കാരിക കേന്ദ്രങ്ങളും സംയോജിപ്പിച്ച്  സാംസ്കാരിക ഇടനാഴി . ഈ കള്‍ച്ചറല്‍ കോറിഡോറില്‍ ഓപ്പണ്‍ സ്ട്രീറ്റ് ഇവന്റുകള്‍, കാര്‍ ഫ്രീ ഡേ പ്രോഗ്രാമുകള്‍, തെരുവുനാടകങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഒഴിവുദിവസങ്ങളില്‍  തുറന്നുകൊടുക്കും. ഇപ്പോഴുള്ള വഴിയോരക്കച്ചവട സംവിധാനത്തിനൊപ്പം   ‘ഞായറാഴ്ചക്കച്ചവട വീഥി’ ഏര്‍പ്പെടുത്തും. ഡിജിറ്റല്‍, വൈഫൈ സൗകര്യങ്ങളുള്ള പുതിയ ലൈബ്രറി നിര്‍മിക്കും. നാടകോത്സവം, ചലച്ചിത്രോത്സവം, ചിത്രപ്രദര്‍ശനങ്ങള്‍ എന്നിവ എല്ലാവര്‍ഷവും നടത്തും. വിപുലമായ തിയറ്റര്‍ കോംപ്ലക്സ് നിര്‍മിക്കും. 
നഗര ദുരന്ത നിവാരണ 
പദ്ധതി 
 വരള്‍ച്ച, വെള്ളപ്പൊക്കം, തീപിടിത്തം, വാഹനാപകടങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയെ നേരിടുന്നതിന് ജനകീയ കര്‍മസേന. 
ദുരന്തങ്ങളെ നേരിടാന്‍ സദാ സന്നദ്ധരായ  സേനയ്ക്ക് പരിശീലനവും  പ്രതിരോധ ഉപകരണങ്ങളും നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top