26 April Friday
പേ വിഷബാധ പ്രതിരോധം

മാതൃകാ ക്ലിനിക് ഒരുക്കി ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022

തൃശൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ആരംഭിച്ച മാതൃകാ പേവിഷ പ്രതിരോധ ക്ലിനിക്‌

തൃശൂർ
പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി മുളങ്കുന്നത്തുകാവ്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ പേവിഷബാധ പ്രതിരോധ ക്ലിനിക്, മാതൃകാ ക്ലിനിക്  നിലവാരത്തിലേക്ക് ഉയർത്തി. മാതൃകാ പേവിഷ പ്രതിരോധ ക്ലിനിക്കുകൾ സർക്കാർ ആശുപത്രികളിൽ സ്ഥാപിക്കാനുള്ള നിർദേശം സർക്കാർ മുന്നോട്ടുവച്ച്‌ ദിവസങ്ങൾക്കകമാണ്‌ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ സംവിധാനമൊരുക്കിയത്‌. 
തൃശൂർ ജില്ലയിൽനിന്നുള്ള രോഗികൾക്ക്‌ മാത്രമല്ല, മലപ്പുറം, പാലക്കാട്  ജില്ലകളിൽനിന്നുമുള്ള രോഗികൾക്ക് ആശ്വാസമായി 24 മണിക്കൂറും ഈ മാതൃകാ ക്ലിനിക് അത്യാഹിത വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കും. മാതൃകാ ക്ലിനിക് എന്ന നിലയിൽ പ്രത്യേകമായി റിസപ്ഷൻ, പരിശോധന സ്ഥലം, വാക്‌സിൻ ഇഞ്ചക്ഷൻ സ്ഥലം, സീറം കുത്തിവയ്‌പ്പിനുള്ള കിടക്കകൾ, ചികിത്സ തേടുന്നവർക്കും കൂടെയുള്ളവർക്കും കാത്തിരിപ്പ് കേന്ദ്രം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 
മുറിവേറ്റ് വരുന്നവർക്ക് ചികിത്സാ മാനദണ്ഡങ്ങൾ പ്രകാരം സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് മുറിവ് കഴുകാനുള്ള പ്രത്യേകമായി രൂപകല്പന ചെയ്ത വാഷിങ്‌ ഏരിയ സംസ്ഥാനത്തുതന്നെ ആദ്യത്തേതാണ് തൃശൂരിലേത്‌. ഇവയ്‌ക്ക് പുറമെ സംശയ നിവാരണത്തിനും സഹായത്തിനുമായി 24 മണിക്കൂറും ഇവിടെ സൗകര്യമുണ്ട്. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കൂടുതൽ ആധുനികമാക്കുന്നതിന്റെയും, രോഗീ സൗഹൃദമാക്കുന്നതിന്റെയും ഭാഗമായാണ് ഇത്തരം സൗകര്യങ്ങൾ ഒരുക്കുന്നത്. 
തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി ഷീല, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. നിഷ എം ദാസ്, ആർഎംഒ ഡോ.  രന്ദീപ്, കമ്യൂണിറ്റി മെഡിസിൻ വകുപ്പ് മേധാവി ഡോ. അനിത ഭാസ്‌കർ, സ്റ്റേറ്റ് പീഡ് സെൽ അംഗം ഡോ. ബിനു അരീക്കൽ എന്നിവരോടൊപ്പം കമ്യൂണിറ്റി മെഡിസിൻ വിഭാഗം ഡോക്ടർമാരും മാതൃകാ പേവിഷബാധ പ്രതിരോധ ക്ലിനിക്കിന് നേതൃപരമായ പങ്ക് വഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top