25 April Thursday

സൈബർ സെല്ലിന്റെ പേരിൽ ചതിവിളി

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
തൃശൂർ
സൈബർ സെല്ലിൽ നിന്നാണെന്ന്‌ പറഞ്ഞ് അസമയത്ത് ഒരു ടെലിഫോൺ കോൾ നിങ്ങളേയും തേടിയെത്തിയേക്കാം.   വ്യക്തിഗത സ്വകാര്യ വിവരങ്ങൾ  ചോർത്തിയെടുക്കാനുള്ള  സൈബർ തട്ടിപ്പുകാരുടെ വിളിയാണിത്‌. ഇതിൽ ജാഗ്രത പാലിക്കണമെന്ന്‌ സിറ്റി പൊലീസ്‌ മുന്നറിയിപ്പ്‌.
  ഫോണിലെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ചുവെന്നും  അസ്വാഭാവികത തോന്നിയതിനാൽ  സൈബർ സെൽ പൊലീസ് ഉദ്യോഗസ്ഥർ    വിളിക്കുകയാണെന്ന്‌ ഇവർ  പറയുന്നു. ഭീഷണി സ്വരത്തിലുള്ള അയാളുടെ വർത്തമാനത്തിൽ  പേടിച്ച്‌ പലരും   അയാളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ്‌. 
 ഇത്തരത്തിലുള്ള ടെലിഫോൺ കോളുകൾ നിരവധിപേർക്ക് ലഭിക്കുന്നതായി പരാതികൾ ലഭിക്കുന്നുണ്ട്. തൃശൂർ സിറ്റി പൊലീസിന്റെ സൈബർ സെൽ വിഭാഗവും സൈബർ ക്രൈം പൊലീസ് സ്റ്റേഷനും ഇത്തരം വ്യാജ ടെലിഫോൺ കോളുകൾ നിരീക്ഷിച്ചുവരികയാണ്. 
     വ്യാജ ടെലിഫോൺ നമ്പറുകൾ കൃത്രിമമായി സൃഷ്ടിച്ചാണ് സൈബർ തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുകയും ടെലിഫോൺ വിളികൾ നടത്തുകയും ചെയ്യുന്നത്.   സൈബർ സെൽ, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും   വിളിക്കുകയാണെങ്കിൽ വിളിക്കുന്നയാളിന്റെ പേര്, ഔദ്യോഗിക വിലാസം, നിങ്ങളെ വിളിക്കുന്നതിനുള്ള ആവശ്യം എന്നിവ മുൻകൂട്ടി ചോദിച്ചു മനസ്സിലാക്കണമെന്ന്‌ പൊലീസ്‌ അറിയിച്ചു. അവിടുത്തെ ലാൻഡ്‌ ലൈൻ ടെലിഫോൺ നമ്പർ ആവശ്യപ്പെടുകയും  നിങ്ങൾ  തിരിച്ചുവിളിക്കാമെന്നും പറയുക. 
 തട്ടിപ്പുകാരുടെ ടെലിഫോൺ വിളികൾ നമ്മുടെ ടെലിഫോണിലേക്ക് വരുമ്പോൾ നാലക്ക നമ്പർ മാത്രമേ സ്ക്രീനിൽ തെളിയുകയുള്ളൂ. ഇത്തരത്തിലുള്ള ടെലിഫോൺ നമ്പറുകളിൽ നിന്നും വരുന്ന കോളുകൾ അറ്റന്റ് ചെയ്യരുത്. 
 സൈബർ സെൽ ഉദ്യോഗസ്ഥൻ ചമഞ്ഞ് ഭീഷണിപ്പെടുത്തുന്ന കോളുകൾ ഉത്ഭവിക്കുന്നത് കൂടുതലായും വിദേശ രാജ്യങ്ങളിൽ നിന്നുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കുറ്റവാളികളെ പിടികൂടുന്നതിന് നടപടി സ്വീകരിച്ചതായും പൊലീസ്‌ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top