26 April Friday
ഐഎൻടിയുസി– കെഎസ്‌യു ആക്രമണം

പെൺകുട്ടികളുൾപ്പെടെ 
എസ്‌എഫ്‌ഐ നേതാക്കൾക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023

പരിക്കേറ്റ്‌ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എസ്‌എഫ്‌ഐ നേതാക്കൾ

 
തൃശൂർ
കട്ടിലപ്പൂവം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർഥികളെ വരവേൽക്കാനെത്തിയ എസ്‌എഫ്‌ഐ വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവരെ  ഐഎൻടിയുസി–- കെഎസ്‌യു അക്രമിസംഘം ക്രൂരമായി ആക്രമിച്ചു. ഗുരുതര പരിക്കേറ്റ എസ്‌എഫ്‌ഐ നേതാക്കളായ എസ്‌ സൂര്യ, ടി ജി ശരണ്യ, കെ കെ അഭിരാമി, അലൻ ഫ്രാൻസിസ്‌, ആൽബിൻ ബാബു, അശ്വിൻ എന്നിവരെ തൃശൂർ സഹകരണ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   
വെള്ളിയാഴ്‌ച രാവിലെ കട്ടിലപ്പൂവം സ്‌കൂളിൽ വിദ്യാർഥികളെ വരവേൽക്കാനാണ്‌ എസ്‌എഫ്‌ഐ ജില്ല–- ഏരിയ  നേതാക്കൾ എത്തിയത്‌. മയക്കുമരുന്നുകാരുടെ ഉൾപ്പെടെയുള്ള കടന്നുവരവ്‌ തടയാൻ എല്ലാ സ്‌കൂളുകളിലും കുട്ടികളുടെ സഹായത്തിന്‌ എസ്‌എഫ്‌ഐ സജീവമായി രംഗത്തുണ്ട്‌. ഇത്തരത്തിൽ സഹായവുമായി എത്തിയ എസ്‌എഫ്‌ഐ പ്രവർത്തകരെയാണ്‌ കെഎസ്‌യു നേതാവ്‌ ക്രിസ്‌റ്റി ബിജു, ഐഎൻടിയുസിക്കാരായ ഷിജോ വള്ളിക്കാട്ടിൽ, സനീഷ്‌ പള്ളിപ്പാട്ട്‌, സുനൻ സീതാർകുഴി എന്നിവരുൾപ്പെടെയുള്ള 15 അംഗ ക്രിമിനൽസംഘം ആക്രമിച്ചത്‌. 
എസ്‌എഫ്‌ഐ മണ്ണുത്തി ഏരിയ സെക്രട്ടറിയറ്റ്‌ അംഗം എസ്‌ സൂര്യയെ ഐഎൻടിയുസിക്കാരായ പുരുഷന്മാർ ചേർന്ന്‌ തടഞ്ഞുനിർത്തി കൈ വളച്ചുതിരിച്ചു. മറ്റുള്ള പെൺകുട്ടികളോട്‌ അപഹാസ്യമായ രീതിയിൽ പെരുമാറുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്‌തു. തുടർന്ന്‌ നിലത്തേക്ക്‌ തള്ളിയിട്ട്‌ നെഞ്ചിലും ശരീരമാകെയും ചവിട്ടി പരിക്കേൽപ്പിച്ചു.   
വിദ്യാർഥികളെ അടിച്ചു വീഴ്‌ത്തിയശേഷം, എസ്‌എഫ്‌ഐയുടെ കൊടിമരവും തോരണങ്ങളും നവാഗതരെ വരവേൽക്കാൻ സ്ഥാപിച്ച ബോർഡുകളും ഐഎൻടിയുസിക്കാർ പിഴുതുമാറ്റി. ഇത്‌ തടയാൻ ശ്രമിച്ച എസ്‌എഫ്‌ഐ പ്രവർത്തകരെയും ഐഎൻടിയുസിക്കാർ ഇടിച്ചു വീഴ്‌ത്തി. എസ്‌എഫ്‌ഐ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ്‌ പരിക്കേറ്റ നേതാക്കളെ തൃശൂരിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചത്‌. വിയ്യൂർ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. കേസിലെ പ്രതികൾ എല്ലാവരും ഒളിവിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top