24 April Wednesday

ആദിവാസി പ്രശ്‌നങ്ങള്‍ നേരിട്ട് കണ്ടും ചോദിച്ചറിഞ്ഞും കലക്ടർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

 

തൃശുർ
കാരിക്കടവ്, ചീനിക്കുന്ന് കോളനികൾ, വരന്തരപ്പിള്ളി  പഞ്ചായത്ത് ഓഫീസ് എന്നിവ   കലക്ടർ ഹരിത വി കുമാർ സന്ദർശിച്ചു. കോളനികളിലെ പ്രശ്‌നങ്ങൾ നേരിട്ട് മനസ്സിലാക്കാനായിരുന്നു സന്ദർശനം. ആദിവാസി കോളനികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, യാത്രാ സൗകര്യമില്ലായ്മ, തെരുവ് നായ ശല്യം, കാട്ടാന ശല്യം തുടങ്ങിയ പ്രശ്‌നങ്ങൾ കോളനി നിവാസികളും ജനപ്രതിനിധികളും കലക്ടറെ ധരിപ്പിച്ചു. നേരത്തെ ആദിവാസി കോളനി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സ്വീകരിച്ച തീരുമാനങ്ങളുടെ നടത്തിപ്പ് പുരോഗതിയും  കലക്ടർ വിലയിരുത്തി. 
കാട്ടാന ശല്യത്തിന് സോളാർ വേലി നിർമാണം, ട്രഞ്ച് നിർമാണം എന്നിവയിൽ അനുയോജ്യമായ പരിഹാര നടപടി പരിശോധിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ കലക്ടർ ചുമതലപ്പെടുത്തി. തെരുവ് നായ്ക്കളുടെ ശല്യം പരിഹരിക്കാൻ മാലിന്യ നിർമാർജനം ഫലപ്രദമാക്കാൻ പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി. 
 കാരിക്കടവ് മുപ്ലി പുഴയുടെ വശങ്ങൾ ഇടിയുന്നതും മഴ പെയ്താൽ വെള്ളം കയറുന്ന പ്രശ്‌നവും കോളനിക്കാർ കലക്ടറെ ബോധിപ്പിച്ചു. കാട്ടാന ഇറങ്ങുന്നതും വാഹന സൗകര്യമില്ലാത്തതിന്റെ ആശങ്കകളും ഇവർ കലക്ടറുമായി പങ്കുവച്ചു. വേനൽക്കാലത്തെ കുടിവെള്ള പ്രശ്‌നം കോളനി മൂപ്പൻ ചന്ദ്രൻ കലക്ടറെ അറിയിച്ചു. ചീനിക്കുന്ന് കോളനിയിലും കുടിവെള്ള പ്രശ്‌നവും കാട്ടാന ശല്യവും തന്നെയായിരുന്നു ജനങ്ങൾ  പങ്കുവച്ചത്. സഞ്ചരിക്കാൻ റോഡ്, സ്വന്തമായി പട്ടയമുള്ള ഭൂമി, മേഖലയിലെ യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ എന്നീ ആവശ്യങ്ങളും ഇവർ മുന്നോട്ടുവച്ചു.  നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തി. ഗോത്ര സാരഥി പദ്ധതി പ്രകാരം കോളനികളിലെ വിദ്യാർഥികളെ സ്‌കൂളിലെത്തിക്കാൻ സംവിധാനം ഉറപ്പാക്കണമെന്ന് ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർക്ക് നിർദേശം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top