തൃശൂർ
സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര ഏജൻസികളുടെ നയങ്ങൾക്കും ബിജെപി–- കോൺഗ്രസ് വലത് മാധ്യമ കള്ള പ്രചാരണങ്ങൾക്കുമെതിരെ എൽഡിഎഫ് ജില്ലയിൽ കാൽനട ജാഥകളും തുടർന്ന് ജനകീയ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. എൽഡിഎഫിന്റെ നിയമസഭാ മണ്ഡലം കമ്മിറ്റികളാണ് പ്രചാരണ ജാഥകൾ സംഘടിപ്പിക്കുക. പ്രചരണ ജാഥാ പര്യടനം ബുധനാഴ്‌ച ആരംഭിക്കും. എല്ലാ ജാഥകളും നാലുദിവസം വീതം വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തും.
കൊടുങ്ങല്ലൂരിലെ കള്ളനോട്ട് കേസും കൊടകരയിലെ കുഴൽപ്പണ ഇടപാടും അന്വേഷിക്കാൻ കേന്ദ്ര ഏജൻസിയായ ഇഡി തയ്യാറാവാതിരുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. ബിജെപി നേതാക്കൾ പ്രതികളായിരുന്ന പ്രസ്തുത കേസുകൾ എന്തുകൊണ്ട് ഇഡി അന്വേഷിക്കുന്നില്ല എന്ന ചോദ്യം ഉയർത്താൻപോലും വലതുമാധ്യമങ്ങൾ തയ്യാറാകുന്നുമില്ല.
കരുവന്നൂരിനെ മറയാക്കി എല്ലാ ബാങ്കുകളെയും തകർക്കുക എന്ന നയം അംഗീകരിക്കാനാകില്ല. കരുവന്നൂർ ബാങ്ക് പാക്കേജ് സമ്പൂർണമായി പ്രാവർത്തികമാക്കി നിക്ഷേപകർക്ക് പണം ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. 73 കോടി രൂപ ഇതിനകം നൽകിക്കഴിഞ്ഞു. ബാക്കിയുള്ളവർക്കും തുക നൽകുന്നതിന് സർക്കാരും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും നടപടികളുമായി മുന്നോട്ട് പോകവേയാണ് ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആധാരങ്ങളും മറ്റു രേഖകളും പിടിച്ചെടുത്തത്. ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുന്ന ജില്ലയിലെ കോൺഗ്രസിനെ ജനങ്ങൾക്കിടയിൽ തുറന്നു കാണിക്കും. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി നടക്കുന്ന ബിജെപി–- കോൺഗ്രസ് നുണ പ്രചാരണത്തിനെതിരെ കാൽനടജാഥകൾവഴി ജനങ്ങളോട് സംവദിക്കും.
ബുധനാഴ്‌ച രണ്ടു ജാഥകൾ പര്യടനം ആരംഭിക്കും. ടി കെ സുധീഷ് ക്യാപ്‌റ്റനായ കയ്‌പമംഗലം ജാഥ എം എം വർഗീസും യു പി ജോസഫ് ക്യാപ്‌റ്റനായ ചാലക്കുടി ജാഥ കെ കെ വത്സരാജും ഉദ്‌ഘാടനം ചെയ്യും.
മറ്റു ജാഥകൾ ഉദ്‌ഘാടനദിവസം, നിയോജകമണ്ഡലം, ക്യാപ്‌റ്റൻ, ഉദ്‌ഘാടകൻ എന്നീ ക്രമത്തിൽ: വ്യാഴം–- തൃശൂർ–- പി കെ ഷാജൻ, എം എം വർഗീസ്. നാട്ടിക –-കെ പി സന്ദീപ്, ബേബിജോൺ. ഇരിങ്ങാലക്കുട–- ഉല്ലാസ് കളക്കാട്ട്, സി എൻ ജയദേവൻ, ഗുരുവായൂർ–- കെ വി അബ്ദുൾഖാദർ, എ വി വല്ലഭൻ. ഒല്ലൂർ–-വർഗീസ് കണ്ടംകുളത്തി, പി കെ ഡേവിസ്.
വെള്ളി–- വടക്കാഞ്ചേരി–- സേവ്യർ ചിറ്റിലപ്പിള്ളി, എ സി മൊയ്തീൻ, പുതുക്കാട്–- കെ കെ രാമചന്ദ്രൻ, കെ പി രാജേന്ദ്രൻ. ചേലക്കര –-പി എ ബാബു, എൻ ആർ ബാലൻ.
ശനി–- കൊടുങ്ങല്ലൂർ കെ വി വസന്തകുമാർ, എം കെ കണ്ണൻ. കുന്നംകുളം–- ടി കെ വാസു, വി എസ് സുനിൽകുമാർ. മണലൂർ–- മുരളി പെരുനെല്ലി, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്.
പ്രതിഷേധ പരിപാടികളിൽ മുഴുവൻ ബഹുജനങ്ങളും പങ്കാളികളാകണമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾഖാദർ അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..