തൃശൂർ
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനു മുന്നേ ബാങ്കിൽ അരങ്ങേറിയ കുറ്റകൃത്യങ്ങൾ എല്ലാം നടത്തിയിരുന്നത്, ബാങ്കിൽ ഏറെക്കാലം ജീവനക്കാരനായിരുന്ന പൊറത്തിശേരി മുപ്ലിവീട്ടിൽ എം വി സുരേഷ്. ബാങ്കിനകത്ത് നടന്ന നിരവധി ക്രമക്കേടുകൾക്കും ജീവനക്കാരിയെ കയറിപ്പിടിച്ചതിനും ബാങ്ക് അധികാരികൾതന്നെ നടപടിയെടുത്ത് പുറത്താക്കിയ സുരേഷാണ് ബിജെപിക്കൊപ്പം ചേർന്ന് ചില മാധ്യമപ്രവർത്തകരെയും കൂട്ടുപിടിച്ച് സിപിഐ എമ്മിനെയും ബാങ്കിനെയും തകർക്കാൻ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നത്.
ബാങ്കിൽ നിരവധി സാമ്പത്തിക ക്രമക്കേട് നടത്തിയതിനും, ജീവനക്കാരിയെ അപമാനിച്ചതിനും എം വി സുരേഷിനെതിരെ ഇരിങ്ങാലക്കുട പൊലീസ് കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. ഇതേ തട്ടിപ്പുകാരനാണ് കരുവന്നൂർ ബാങ്കിനെ സംരക്ഷിക്കാൻ എന്ന നിലയിൽ, വാഹന നികുതിവെട്ടിപ്പുകേസിലെ പ്രതി സുരേഷ്‌ഗോപി നയിക്കുന്ന ബിജെപിയുടെ പദയാത്രയിൽ ചുവടുവയ്‌ക്കാൻ ഒരുങ്ങിയിരിക്കുന്നത്.
ബാങ്കിന്റെ സിവിൽ സ്‌റ്റേഷൻ എക്‌സ്‌റ്റൻഷൻ കൗണ്ടറിന്റെ ചുമതലയിലിരിക്കേ, 1.28 ലക്ഷം രൂപ തിരിമറി നടത്തിയതിന് അന്നത്തെ പ്രസിഡന്റ് കെ കെ ദിവാകരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബാങ്കിലെ ഡേബുക്ക്, കംപ്യൂട്ടർ, മറ്റു രേഖകൾ എന്നിവയിലെല്ലാം കൃത്രിമം നടത്തിയാണ് സുരേഷ് പണം തട്ടിയെടുത്തത്.
ബാങ്കിൽനിന്ന് ഷീല വിജയൻ എന്ന വ്യക്തി വായ്‌പയെടുത്ത തുക തിരിച്ചടയ്‌ക്കാനായി സുരേഷിനെ ഏൽപ്പിച്ചെങ്കിലും പ്രസ്‌തുത തുക ബാങ്കിൽ അടച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തെക്കേത്തല രാമരാജിന്റെ വായ്‌പയിലേക്ക് അടയ്‌ക്കേണ്ട തുക പലതവണയായും, മണപ്പെട്ടി ദിനേഷിന്റെ കുറി വയ്‌ക്കാനുള്ള തുകയും എം വി സുരേഷിനെ ഏൽപ്പിച്ചെങ്കിലും പണം ബാങ്കിൽ അടയ്‌ക്കാതെ സുരേഷ് മുക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.
ചുമതലയുള്ള ഓഫീസിന്റെ താക്കോൽ കൈവശം വച്ച് നിരവധിതവണ ബാങ്കിൽ വരാതെ ബാങ്കിന്റെ പ്രവർത്തനംതന്നെ താളം തെറ്റിക്കുന്ന നടപടിയും ഇയാളുടെ ഭാഗത്തുനിന്നുണ്ടായതായും അഡ്വ. പി എസ് ഈശ്വരൻ നടത്തിയ ഗാർഹിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ബാങ്കിനു പുറത്ത് കലാവേദിയും മറ്റു പരിപാടികളും നടത്തി പണം തിരിമറി നടത്തിയതായും ഇയാൾക്കെതിരെ ആരോപണമുണ്ട്.
ഈ തട്ടിപ്പുകൾ എല്ലാം നടത്തി ബാങ്കിൽനിന്ന് പുറത്താക്കപ്പെട്ട സുരേഷാണ് ബിജെപി പാളയത്തിൽ എത്തി ബാങ്കിനെതിരെയും സിപിഐ എമ്മിനെതിരെയും ഇല്ലാകഥകൾ പ്രചരിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..