തൃശൂർ
പുത്തൻ വസ്‌ത്രമണിഞ്ഞ് ബാഗും കുടയുമെടുത്ത് അവർ സ്‌കൂൾമുറ്റത്ത് വീണ്ടുമെത്തി. ബാല്യകാലത്തിന്റെ അനുഭൂതിയിൽ വരാന്തയിലൂടെ കൈപിടിച്ചു നടന്ന് സൗഹൃദം പുതുക്കി, പിന്നീട് ക്ലാസ് മുറികളിലേക്ക്.
മനോഹരമായ ബാല്യകാലം പുനർസൃഷ്ടിച്ച് പുതിയ അറിവുകളും സർക്കാർ സേവനങ്ങളും പൊതുജനങ്ങളിലെത്തിക്കാൻ കുടുംബശ്രീ ആവിഷ്‌കരിച്ച "തിരികെ സ്കൂളിൽ' പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ കുടുംബശ്രീ വനിതകൾ സ്‌കൂളുകളിലെത്തിയത്. കുടുംബശ്രീയുടെ വിവിധ സിഡിഎസുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്ലാസുകളുടെ പ്രവേശനോത്സവം ഞായറാഴ്‌ച നടന്നു.
അഞ്ച് പാഠഭാഗങ്ങളായി കുടുംബശ്രീ സംഘടന സംവിധാനം, സൂക്ഷ്മ സാമ്പത്തിക പ്രവർത്തനങ്ങൾ, ജെൻഡർ, നൂതന ഉപജീവന മാർഗങ്ങൾ, ഡിജിറ്റൽ ലിറ്ററസി എന്നിവയിലാണ് പ്രധാനമായും ക്ലാസുകൾ നൽകുക.
സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഒക്ടോബർ ഒന്നുമുതൽ ഡിസംബർ പത്തുവരെ 46 ലക്ഷം അയൽക്കൂട്ട അംഗങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി 15,000 റിസോഴ്സ് പേഴ്‌സൺമാരെയാണ് സജ്ജമാക്കിയിട്ടുമുള്ളത്.
ഇതിനായി സ്കൂളുകൾ അവധി ദിവസങ്ങളിൽ വിട്ടുനൽകാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നൽകിയിരുന്നു. രാവിലെ 9.30 മുതൽ 4.30 വരെയാണ് ക്ലാസ് സമയം. 9.30 മുതൽ 9.45 വരെ അസംബ്ലിയുമുണ്ടാകും. ഉച്ചഭക്ഷണവും ലഘു ഭക്ഷണവും പഠിതാക്കൾ കൊണ്ടുവരണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..