മാള
കൃഷ്ണൻ കോട്ട പുഴയിലേയ്ക്ക് റോഡ് തുറന്നു കിടക്കുന്നതിനാൽ അപകട സാധ്യതയുണ്ടെന്നു കാണിച്ചു നൽകിയ പരാതികളിൽ നടപടി എടുക്കാതെ അധികൃതർ. കൃഷ്ണൻ കേട്ടയിൽ പാലം വരുന്നതിനുമുമ്പ് ഈ കടവിൽ നിന്നായിരുന്നു ബോട്ട് സർവ്വീസ് ഉണ്ടായിരുന്നത്.
പൊതുമരാമത്ത് വകുപ്പ് മാള സെക്ഷൻ ഓഫീസിന്റെ പരിധിയിൽ വരുന്ന റോഡിന്റെ അതിർത്തിയായിരുന്നു ഈ കടവ്. കടവിൽ നിന്ന് നൂറു മീറ്റർ അകലെ നിന്നാണ് പലത്തിലേയ്ക്കുള്ള റോഡ് തിരിഞ്ഞു പോകുന്നത്.
കൃഷ്ണൻ കോട്ടയിൽ പാലം വന്നതോടെ പൊതുമരാമത്ത് റോഡിന്റെ അതിർത്തി പാലം വരെയായി മാറി. അതു കൊണ്ടു തന്നെ കടവിലേയ്ക്ക് പോകുന്ന നൂറ് മീറ്ററോളം വരുന്ന റോഡ് പഞ്ചായത്തിനു കൈമാറിയെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ ഭാഷ്യം.
വഴിതെറ്റി കടവിലേയ്ക്ക് തിരിഞ്ഞു വാഹനങ്ങൾക്ക് കാണുവാനായി അപകട മുന്നറിയിപ്പുകൾ അധികൃതർ സ്ഥാപിച്ചിട്ടില്ല. രാത്രി നിരവധി വാഹനങ്ങൾ വഴി തെറ്റി കടവിലേയ്ക്ക് എത്താറുണ്ടെന്നും പലപ്പോഴും ഭാഗ്യം കൊണ്ടാണ് അപകടം സംഭവിക്കാത്തതെന്നും നാട്ടുകാർ പറയുന്നു.
പുഴകടവിലേയ്ക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിന് സൂചന ബോർഡും സംരക്ഷണഭിത്തിയും സ്ഥാപിക്കാൻ അധികൃതർ അടിയന്തിരമായി നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..