18 December Thursday

വയോജനങ്ങളെ പൊതുസമൂഹം ചേർത്തുനിർത്തണം: മന്ത്രി കെ രാധാകൃഷ്ണന്‍

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

അന്താരാഷ്ട്ര വയോജന ദിനാചരണം ജില്ലാതല ഉദ്‌ഘാടനം വിമലാ കോളേജിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നിർവഹിക്കുന്നു

തൃശൂർ
പ്രായമായ ആളുകളെ സംരക്ഷിക്കേണ്ട ചുമതല സമൂഹത്തിനാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. തൃശൂർ വിമല കോളേജിൽ നടന്ന ജില്ലാതല അന്താരാഷ്ട്ര വയോജന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
വയോജനങ്ങൾ അവർക്ക് ലഭിച്ച അറിവും അനുഭവും പകർന്ന് സമൂഹത്തിൽ നന്മ ഉണ്ടാക്കുന്നതിൽ പങ്കാളികളാകണം. വയോജനങ്ങൾക്ക് സമൂഹത്തിൽ ഇനിയും നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്ന തിരിച്ചറിവ് ഉണ്ടാകുകയും സമൂഹത്തിന് വഴികാട്ടിയാകുകയും വേണം. 2025 നവംബർ ഒന്ന് ആകുമ്പോൾ അതിദരിദ്രർ ഇല്ലാത്ത, വിശപ്പില്ലാത്ത, പട്ടിണിയില്ലാത്ത നാടായി മാറാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അധ്യക്ഷനായി. മേയർ എം കെ വർഗീസ് വിശിഷ്ടാതിഥിയായി. കലക്ടർ വി ആർ കൃഷ്ണതേജ മുഖ്യപ്രഭാഷണം നടത്തി. മുൻ ദേശീയ കായികതാരം കെ എം റോസമ്മ, സംസ്ഥാന വയോസേവന പുരസ്‌കാരത്തിന് ജില്ലയിൽനിന്ന് ശുപാർശ ചെയ്യപ്പെട്ട മൂത്തമന പരമേശ്വരൻ നമ്പൂതിരി, ജോൺസൺ കോലങ്കണ്ണി, എം എൻ കുര്യപ്പൻ എന്നിവരേയും വടക്കാഞ്ചേരി നഗരസഭയെയും മന്ത്രി ആദരിച്ചു. ചടങ്ങിൽ  ലയൺസ് ക്ലബ് കൈമാറിയ ആന്റി സ്‌കിഡ് മാറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,  കലക്ടർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജോയ്‌സി സ്റ്റീഫൻ എന്നിവർ ഏറ്റുവാങ്ങി. തുടർന്ന് കലാപരിപാടികൾ അരങ്ങേറി. പരിപാടികളിൽ പങ്കെടുത്തവർക്ക് സമ്മാനവും വിതരണം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top