തൃശൂർ
ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്തത് 43.83 മില്ലിമീറ്റർ മഴ. ജൂൺ ഒന്നുമുതൽ സെപ്‌തംബർ 27 വരെയുള്ള കണക്കുപ്രകാരം ശരാശരി 2132.1 മില്ലിമീറ്റർ മഴയാണ് ലഭിക്കേണ്ടത്. നിലവിൽ ജില്ലയിൽ 1280.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 40 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കൊടുങ്ങല്ലൂരാണ്. 55 മില്ലിമീറ്റർ.
52 മില്ലിമീറ്റർ മഴ വടക്കാഞ്ചേരിയിൽ രേഖപ്പെടുത്തി. കുന്നംകുളം 24.4, ഇരിങ്ങാലക്കുട 25.4, വെള്ളാനിക്കര 49.1, ഏനാമാക്കൽ 52.4, ചാലക്കുടി 38.4 മില്ലി മീറ്റർ മഴയും വെള്ളാനിക്കര 40.7 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി.
മഴ ശക്തമായ സാഹചര്യത്തിൽ ജില്ലയിൽ വിവിധയിടങ്ങളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കൊമ്പത്തുകടവ് ദേശത്ത് ആലയിൽ ജോഷിയുടെ വീടിന്റെ സിറ്റൗട്ടിലേക്ക് മണ്ണിടിച്ചിലുണ്ടായി. വീണ്ടും മണ്ണിടിച്ചിൽ ഭീഷണി നിലവിലുള്ള സാഹചര്യത്തിൽ ഈ കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റിത്താമസിപ്പിച്ചു.
പുത്തൂർ പഞ്ചായത്ത് എട്ടാം വാർഡ് കൂട്ടുവളപ്പിൽ സുരേഷ് കുമാറിന്റെ പുരയിടത്തിലുള്ള കിണർ ശക്തമായ മഴയിൽ ഇടിഞ്ഞുതാഴ്‌ന്നു. അപകട ഭീഷണിയുള്ളതിനാൽ വീട്ടുകാരെ മാറ്റിത്താമസിച്ചു. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ ശക്തമായ മഴയിൽ പടിയൂർ വില്ലേജ് അടിപറമ്പിൽ ചന്ദ്രന്റെ മകൻ വിജേഷിന്റെ വീടിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.
പുല്ലൂർ വില്ലേജിൽ പുതുക്കാട്ടിൽ കുട്ടന്റെ മകൻ രവിചന്ദ്രന്റെ വീടിനും കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിൽ ഭാഗികമായി നാശാനഷ്ടം സംഭവിച്ചിട്ടുണ്ട്. ജില്ലയിൽ നിലവിൽ ക്യാമ്പുകൾ ഒന്നും പ്രവർത്തിക്കുന്നില്ല. പൂമല ഡാമിന്റെ നാല് ഷട്ടർ 2.5 സെന്റിമീറ്റർ തുറന്നിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..