27 April Saturday

വാർധക്യത്തിന്റെ മുഖഭാവങ്ങളുമായി വേറിട്ട ചിത്രപ്രദർശനം

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

‘വയോജനങ്ങളുടെ മുഖഭാവങ്ങൾ' പ്രദർശനത്തിൽ നിന്ന്

തൃശൂർ
വയോജനങ്ങളുടെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ചിത്രങ്ങൾ, ചിരിയുടെ വ്യത്യസ്‌തകാഴ്‌ചകൾ, അധ്വാനിക്കുന്ന മനുഷ്യന്റെ മുഖങ്ങൾ, വിരഹം, ഒറ്റപ്പെടൽ... തുടങ്ങിയ അപൂർവ ചിത്രങ്ങളുടെ പ്രദർശനം വേറിട്ട കാഴ്‌ചയായി.  വാർധക്യത്തിന്റെ വേറിട്ട മുഖങ്ങളാൽ സമ്പന്നമായ ‘വയോജനങ്ങളുടെ മുഖഭാവങ്ങൾ' എന്ന പ്രദർശനമാണ് അന്താരാഷ്ട്ര വയോജനദിനം സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലെത്തുന്നവർക്ക് നവ്യാനുഭവം പകരുന്നത്. 
തൃശൂർ ജില്ലയിൽ അങ്ങോളമിങ്ങോളം സന്ദർശിച്ച് സർഗകലാ അക്കാദമിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ വരച്ച 32 ചിത്രങ്ങളാണ് വയോധികരുടെ വേറിട്ട ഭാവങ്ങൾ വരകളാൽ അവതരിപ്പിച്ചത്.  
ഗുരുവായൂർ ക്ഷേത്രനടയിൽ അന്തിയുറങ്ങുന്ന അപ്പൂപ്പൻ, കൊടുങ്ങല്ലൂർ ഭരണിയിൽ വാളേന്തി നിൽക്കുന്ന കോമരം, തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ സ്ഥിരമായെത്തുന്ന വയോധികൻ, ചാവക്കാട് സ്റ്റാൻഡിൽ നെല്ലിക്ക വിൽക്കുന്ന അമ്മൂമ്മ തുടങ്ങി ജില്ലയ്ക്ക് സുപരിചിതമായ ഒട്ടനവധി മുഖങ്ങളും വരകളിൽ തെളിഞ്ഞു. 
ജീവിതസായാഹ്നത്തിന്റെ പടവുകളിറങ്ങുന്ന വയോധികരെ ക്യാൻവാസുകളിലേയ്ക്ക് കൈപിടിച്ച് ആനയിക്കുകയാണ് സർഗകലാ അക്കാദമിയുടെ വിദ്യാർഥികൾ. വാർധക്യത്തിന്റെ വിവിധ ഭാവങ്ങൾ പ്രതിനിധാനം ചെയ്യുന്ന ബിംബങ്ങൾ പോയകാലത്തെ അടയാളപ്പെടുത്തുകകൂടി ചെയ്യുന്നു. 
സർഗകലാ അക്കാദമി അധ്യാപകൻ സർഗകലാ ബിജുവിന്റെ നേതൃത്വത്തിലാണ് സൃഷ്ടിക്ക് പ്രചോദനമായ വിഷയങ്ങൾ വിദ്യാർഥികൾ കണ്ടെത്തിയത്. ഏഴുമാസത്തോളം എടുത്താണ് വിവിധ മേഖലകൾ സന്ദർശിച്ച് ചിത്രങ്ങൾ തയ്യാറാക്കിയത്. പെൻസിൽ ഡ്രോയിങ്‌, ജലച്ചായം, എണ്ണച്ചായം തുടങ്ങി വിവിധതരം പെയിന്റിങ്ങുകളാണ് പ്രദർശനത്തിലുള്ളത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top