19 April Friday
ട്രോളിങ് നിരോധനം അവസാനിച്ചു

പ്രതിസന്ധിയിലും പ്രതീക്ഷയോടെ വലയെറിഞ്ഞു

സ്വന്തം ലേഖകൻUpdated: Monday Aug 2, 2021

ട്രോളിങ് നിരോധനം കഴിഞ്ഞതോടെ ബോട്ടുകൾ മീൻ പിടിക്കാനായി കടലിലേക്ക്

 
 
കൊടുങ്ങല്ലൂർ
ബോട്ടുകാർ പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷയോടെ കടലിൽ വലയെറിഞ്ഞു. ട്രോളിങ് നിരോധനം അവസാനിച്ചതിന്റെ ആഹ്ലാദമില്ലാതെയാണ് ബോട്ടുകൾ കടലിലേക്ക് പോയത്. ഡീസൽ വിലവർധനയും കോവിഡ് വ്യാപനവുമാണ് ആശങ്കക്ക് കാരണം. മത്സ്യ തൊഴിലാളികളുടെയും ബോട്ട് ഉടമകളുടെയും മനസ്സിൽ കാർമേഘം മൂടിയിട്ട് നാളുകളേറെയായി.
ഒന്നര മാസത്തിലേറെ നീണ്ട ട്രോളിങ് നിരോധനത്തിനു ശേഷം അഴീക്കോട്, മുനമ്പം, മുനയ്ക്കക്കടവ് മേഖലയിലെ നൂറുകണക്കിന് മീൻപിടിത്ത ബോട്ടുകളാണ് ശനിയാഴ്ച അർധരാത്രി മുതൽ കടലിലിറങ്ങിയത്. കോവിഡ് വ്യാപനത്തിന്റെയും ഡീസൽവില വർധനയുടെയും പ്രതിസന്ധികൾക്കിടയിലാണ് ഇത്തവണ ബോട്ടുകൾ കടലിലിറങ്ങുന്നത്. 
കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിച്ച സർട്ടിഫിക്കറ്റുകളുമായാണ് തൊഴിലാളികൾ കടലിൽ പോയത്. അഴീക്കോട് ഹാർബറും മുനയ്ക്കക്കടവ് സെന്ററും ട്രിപ്പിൾ ലോക്ഡൗൺ നിലനിൽക്കുന്ന പ്രദേശത്തായതിനാൽ ബോട്ടുകൾ അടുപ്പിക്കുന്നതിന് കടുത്ത നിയന്ത്രണമുണ്ട്. അഴീക്കോട്ടുനിന്നുള്ള ബോട്ടുകൾ മുനമ്പം ഹാർബറിലാണ് അടുപ്പിക്കുക. രാത്രി 12 കഴിഞ്ഞതോടെയാണ് ബോട്ടുകൾ കൂട്ടത്തോടെ കടലിലേക്കിറങ്ങിയത്. 
കിളിമീന്‍, കൂന്തല്‍, ചെമ്മീന്‍, കണവ എന്നിവയുമായി വരും ദിവസങ്ങളില്‍ തിരിച്ചെത്താമെന്നാണ് പ്രതീക്ഷ. കോവിഡ്‌ പാശ്ചാത്തലത്തില്‍ ഇക്കുറി എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് കൂടി നടത്തേണ്ടി വന്നതിനാല്‍ കുറച്ച് ബോട്ടുകള്‍ ഇപ്പോഴും മത്സ്യബന്ധനത്തിനുപോകാതെയുണ്ട്. ഈ ബോട്ടുകളിലെ തൊഴിലാളികൾ കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം വരുംദിവസങ്ങളിൽ കടലിൽ പോകും. ബോട്ടുകള്‍ തിരികെ എത്തുന്നതോടെ ഹാര്‍ബറുകളും പരിസരങ്ങളും ഉണരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top