28 March Thursday

കത്തിക്കയറി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

എ കെ ജി സെന്ററിന്‌ നേരെ നടന്ന ബോംബാക്രമണത്തിൽ പ്രതിഷേധിച്ച്‌ സിപിഐ എം നേതൃത്വത്തിൽ തൃശൂർ ടൗണിൽ നടത്തിയ പ്രകടനം

തൃശൂർ
 തിരുവനന്തപുരത്ത്‌  എ കെ ജി സെന്ററിലേക്ക്‌ ബോംബ്‌ എറിഞ്ഞതിൽ ജില്ലയിലെമ്പാടും   പ്രതിഷേധം കത്തിക്കയറി.  വിദ്യാർഥികൾ, യുവജനങ്ങൾ, തൊഴിലാളികൾ എന്നിങ്ങനെ സമസ്‌ത മേഖലയിലുള്ളവരും പ്രതിഷേധവുമായി തെരുവിലിറങ്ങി.  പ്രകടനങ്ങളിൽ സ്‌ത്രീകളും വലിയതോതിൽ അണിനിരന്നു.   വ്യാഴം രാത്രി 11.45നാണ്‌ അക്രമം  അരങ്ങേറിയത്‌. സംഭവം അറിഞ്ഞയുടൻ പാതിരാത്രിയിലും ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. എത്ര ഓഫീസുകൾ തകർത്താലും ചെങ്കൊടിപ്രസ്ഥാനത്തെ തകർക്കാനാവില്ലെന്ന്‌ പ്രകടനത്തിൽ അണിനിരന്നവർ പ്രഖ്യാപിച്ചു.  ജനകീയ സർക്കാരിനെ അട്ടിമറിക്കാനുള്ള കോൺഗ്രസ്‌ അക്രമങ്ങളെ  ചെറുക്കുമെന്നും ജനത പ്രഖ്യാപിച്ചു. 
സിപിഐ എം  നേതൃത്വത്തിൽ ഏരിയ, ലോക്കൽ  കേന്ദ്രങ്ങളിൽ വെള്ളിയാഴ്‌ച നടന്ന പ്രകടനങ്ങളിൽ ആയിരങ്ങൾ പങ്കാളികളായി.   ചാലക്കുടി, കൊടകര, മാള, ഇരിങ്ങാലക്കുട, നാട്ടിക, കൊടുങ്ങല്ലൂർ, ചേർപ്പ്‌,  തൃശൂർ, ഒല്ലൂർ, മണ്ണുത്തി, പുഴയ്‌ക്കൽ, മണലൂർ, കുന്നംകുളം, ചാവക്കാട്‌,  വടക്കാഞ്ചേരി, ചേലക്കര എന്നീ ഏരിയകളിലായി നടന്ന പടുകൂറ്റൻ പ്രകടനങ്ങൾ കോൺഗ്രസ്‌ അക്രമികൾക്ക്‌ താക്കീതായി.  കനത്ത മഴയിലും ആവേശം ഒട്ടുംചോരാതെ  ജനം അണിനിരന്നു.  
തൃശൂർ നഗരത്തിൽ സിപിഐ എം നേതൃത്വത്തിൽ  വൻ പ്രതിഷേധ പ്രകടനം നടന്നു. സിഎംഎസ്‌ സ്‌കൂളിനുമുന്നിൽനിന്ന്‌ ആരംഭിച്ച പ്രകടനം റൗണ്ട്‌ ചുറ്റി കോർപറേഷൻ ഓഫീസിനു മുന്നിൽ സമാപിച്ചു. പ്രതിഷേധ പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ, ജില്ലാകമ്മിറ്റി അംഗം  കെ വി ഹരിദാസ് എന്നിവർ സംസാരിച്ചു.  
സിഐടിയു, കർഷകസംഘം,  കെഎസ്‌കെടിയു,  ഡിവൈഎഫ്‌ഐ, മഹിളാ അസോസിയേഷൻ,  എസ്‌എഫ്‌ഐ തുടങ്ങീ വിവിധ സംഘടനകളും പ്രതിഷേധപ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top