26 April Friday

അയാൾ വീണ്ടുമെത്തി, 
കാക്കിക്കുള്ളിലെ നന്മയെ പുണരാൻ

സ്വന്തം ലേഖകൻUpdated: Thursday Dec 1, 2022

നെടപുഴ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ സി ഡി ഡെന്നിയും ജോഷിയും

തൃശൂർ
അയാൾ വീണ്ടുമെത്തി,  20 വർഷത്തിനുശേഷം.  മരണമുഖത്തുനിന്ന്‌ തന്നെ വാരിയെടുത്ത്‌  ജീവൻ തിരിച്ചുനൽകിയ  കാക്കിക്കുള്ളിലെ ആ മഹാമനുഷ്യനെ വീണ്ടും പുണരാൻ.  റോഡപകടത്തിൽപ്പെട്ട  തന്നെ രക്ഷിച്ച  നെടുപുഴ  സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സി ഡി  ഡെന്നിയെത്തേടിയാണ്‌ ജോഷി ആന്റണി എത്തിയത്‌. മറ്റു പൊലീസ്‌ ഉദ്യോഗസ്ഥരോട്‌   ജോഷി പറഞ്ഞു    ‘‘ഇദ്ദേഹം  ഇല്ലായിരുന്നെങ്കിൽ ഞാനിന്ന്   ഭൂമുഖത്ത് ഉണ്ടാകുമായിരുന്നില്ല’’.  ജോഷി, ഡെന്നിയെ ചേർത്തു പിടിച്ചു.  അടുത്തുനിന്നവരുടെ കണ്ണുകൾ നിറഞ്ഞു.   
2002 നവംബർ 29നായിരുന്നു  അപകടം.  മാപ്രാണം വടക്കേത്തല ജോഷി ആന്റണി സഞ്ചരിച്ചിരുന്ന  ബൈക്കിൽ മറ്റൊരു ബൈക്ക്   ഇടിച്ചു. റോഡിലേക്ക് തെറിച്ചുവീണ ജോഷി  ചോരയിൽ കുളിച്ചു   കിടന്നു.  ഈ സമയം അതുവഴി ബസിൽ  യാത്രചെയ്‌തിരുന്ന സിവിൽ പൊലീസ് ഓഫീസറായിരുന്ന ഡെന്നി  ഉടൻ അവിടെയിറങ്ങി  ജോഷിയെ വാരിയെടുത്തു. അതുവഴി വന്ന   വാഹനം തടഞ്ഞുനിർത്തി ആശുപത്രിയിലെത്തിച്ചു. വിസിറ്റിങ് കാർഡ്  നോക്കി   ഓഫീസിലേക്കും വീട്ടിലേക്കും  വിവരമറിയിച്ചു.  ബന്ധുക്കളെത്തുംവരെ ആശുപത്രിയിൽ കാത്തിരുന്നു. സഹായത്തിന്‌ വിളിക്കാൻ ഫോൺ നമ്പർ കൈമാറിയാണ്‌  ഡെന്നി വീട്ടിലേക്കു മടങ്ങിയത്‌. 
 രണ്ടാഴ്ചയോളം  ജോഷി  അബോധാവസ്ഥയിൽ തുടർന്നു. മാസങ്ങളോളം നീണ്ട ആശുപത്രിവാസം.  പതിനഞ്ചോളം ശസ്ത്രക്രിയകൾ. ഏഴരവർഷം സ്ക്രെച്ചസ് ഉപയോഗിച്ചാണ് നടന്നത്.  ഇടയ്‌ക്കിടെ  ജോഷിയെ വിളിച്ച്  ഡെന്നി വിശേഷങ്ങൾ അറിഞ്ഞ്‌ സഹായമെത്തിച്ചു.  ആത്മവിശ്വാസവും നൽകി. പുറത്തുപോകാനാകാത്ത അവസ്ഥയിൽ  ജോഷി വീട്ടിലിരുന്ന് കംപ്യൂട്ടർ വിദ്യാഭ്യാസം നേടി. സിവിൽ എൻജിനിയറിങ് ഡ്രോയിങ് മേഖലയിൽ പ്രാവീണ്യം തെളിയിക്കുകയും  തൊഴിൽ നേടുകയും ചെയ്തു. 
രണ്ടുപതിറ്റാണ്ടിനുശേഷം  മറ്റൊരു നവംബർ 29ന്‌   വീണ്ടും ഡെന്നിയെത്തേടി ജോഷിയെത്തിയത്‌ കൗതുകമായി.   ഭാര്യയും ഒപ്പമുണ്ടായി. തന്റെ രക്ഷകനായ പൊലീസുദ്യോഗസ്ഥനെ പ്രകീർത്തിച്ച്‌  എഴുതിയ  കവിതയും   സമ്മാനിച്ചു.  ഉദ്യോഗസ്ഥരോടൊപ്പം ഉച്ചഭക്ഷണവും കഴിച്ചാണ്  മടങ്ങിയത്‌.   സി ഡി ഡെന്നിക്ക്‌ അഭിനന്ദനങ്ങളേകി തൃശൂർ സിറ്റി പൊലീസ്‌ ഫേസ്‌ബുക്കിൽ സംഭവം പ്രസിദ്ധീകരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top