20 April Saturday
ബഫർ സോൺ

എൽഡിഎഫ്‌ മലയോര ഹർത്താൽ പൂർണം

സ്വന്തം ലേഖകൻUpdated: Friday Jul 1, 2022

ഹർത്താലിന്റെ ഭാഗമായി പട്ടിക്കാട്‌ നടന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് 
ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ 
സംരക്ഷിത വനമേഖലയ്‌ക്കു ചുറ്റും കുറഞ്ഞത്‌ ഒരു കിലോമീറ്ററെങ്കിലും പരിസ്ഥിതിലോല പ്രദേശമായി (ഇഎസ്‌ഇസഡ്‌) നിലനിർത്തണമെന്ന  സുപ്രീംകോടതി ഉത്തരവിൽനിന്ന്‌ ജനവാസമേഖലകളെ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ്‌ ആഹ്വാനം ചെയ്‌ത ഹർത്താൽ പൂർണം. പീച്ചി, പാണഞ്ചേരി, എളനാട്, പങ്ങാരപ്പിള്ളി, തോന്നൂർക്കര, ആറ്റൂർ, മണലിത്തറ, തെക്കുംകര, കരുമത്ര, വരന്തരപ്പിള്ളി, മറ്റത്തൂർ എന്നീ  വില്ലേജ്‌ പ്രദേശങ്ങളിലായിരുന്നു ഹർത്താൽ.  കടകൾ ജനം സ്വയം അടച്ചു.  ഹർത്താലിന്റെ ഭാഗമായി വിവിധ വില്ലേജുകളിൽ പ്രകടനം നടത്തി. പൊതുയോഗങ്ങളും നടത്തി. 
 പീച്ചി, വാഴാനി, ചിമ്മിനി തുടങ്ങിയ വന്യജീവി സങ്കേതങ്ങളാണ് ജില്ലയിൽ  പ്രശ്നബാധിത മേഖല.  ഇതിനോട്‌ ചേർന്ന 11 വില്ലേജ് പ്രദേശങ്ങളിലെ ജനജീവിതത്തെ സുപ്രീം കോടതി ഉത്തരവ്‌  പ്രതികൂലമായി ബാധിക്കും.   പ്രശ്‌നപരിഹാരത്തിന്‌  കേന്ദ്രസർക്കാർ ഇടപെടണം എന്നാവശ്യപ്പെട്ട്‌ നടന്ന  ഹർത്താലിന്റെ ഭാഗമായി പട്ടിക്കാട്‌ നടന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയമ്പാറ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി പി ശരത്ത്‌ പ്രസാദ്‌, ജില്ലാ പഞ്ചായത്തംഗം കെ വി സജു, പാണഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി രവീന്ദ്രൻ, പ്രസാദ്‌ പാറേരി(സിപിഐ), ബേബി നെല്ലിക്കുഴി (കേരള കോൺഗ്രസ്‌ എം), എ വി കുരിയൻ(എൻസിപി), കെ കെ ജോണി(കോൺഗ്രസ്‌ എസ്‌), സിപിഐ എം മണ്ണുത്തി ഏരിയ സെക്രട്ടറി എം എസ്‌ പ്രദീപ്‌കുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ എം എം അവറാച്ചൻ, സാവിത്രി സദാനന്ദൻ, സി പി വില്യംസ്‌, വി സി സുജിത്ത്‌, പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ, പീച്ചി ലോക്കൽ സെക്രട്ടറി എം ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top