24 April Wednesday

ക്ലാസ് മുറിയല്ല വർണക്കുട, വരിക കുരുന്നുകളേ...

സ്വന്തം ലേഖകൻUpdated: Thursday Jun 1, 2023

അരിമ്പൂർ ഗവ. യു പി സ്‌കൂളിലെ വർണക്കുട പദ്ധതി പ്രകാരം ഒരുക്കിയ പ്രീ പ്രൈമറി സ്‌കൂൾ

തൃശൂർ
പുതുവർഷത്തിൽ അക്ഷരമുറ്റത്തേക്കെത്തുന്ന കുട്ടികൾ കരയില്ല. മാത്രമല്ല, ഈ സർക്കാർ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങാനും അവർ മടിക്കും. അരിമ്പൂർ ഗവ.യു പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലേക്ക് വ്യാഴാഴ്ച പുതുചുവടുവച്ചെത്തുന്ന കുരുന്നുകൾക്ക് അറിഞ്ഞും രസിച്ചും പഠിക്കാം. ക്ലാസ് മുറികൾ നിറയെ വർണക്കുടകളും  പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും  ഒളിച്ചു കളിക്കാൻ കൊച്ചുഗുഹയും  ഒപ്പം കളിയിടങ്ങളും വരയിടങ്ങളും കൂട്ടായുണ്ട്. സമഗ്ര ശിക്ഷാ കേരള പുഴയ്ക്കൽ ബിആർസിയാണ് സ്റ്റാർസ് പദ്ധതിയിലുൾപ്പെടുത്തി പ്രീപ്രൈമറി വർണക്കുട ഒരുക്കിയത്.
കുട്ടികളുടെ മാനസിക വൈജ്ഞാനിക വികാസ മേഖലകളുടെ വളർച്ചയെ ആധാരമാക്കി നിർമിച്ച  12 ഇടങ്ങളാണ്‌ ഇതിലുള്ളത്‌. വായനയുടെ വിശാലലോകത്തേക്ക് പറന്നുയരാൻ വായനയിടം, ഭാഷാവികസനയിടം, കുഞ്ഞു വരകൾക്കായി വരയിടം, കരകൗശല ഇടം എന്നിവയുണ്ട്. 
പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് മുന്നോട്ടു പോവാൻ ഹരിതോദ്യാനവും കൊച്ചു പരീക്ഷണങ്ങളിലൂടെ ശാസ്ത്ര ബോധം വളർത്താൻ ശാസ്ത്രയിടവുമുണ്ട്. സാങ്കേതിക വിദ്യയുടെ സാധ്യതകൾ ക്ലാസ്‌മുറിയിൽ പ്രയോജനപ്പെടുത്താൻ ഇ_ ഇടവും  കളികളിലൂടെ  പഠനവും ശാരീരിക പേശിവികാസവും സാധ്യമാകുന്നതിന് കളിയിടവും കണക്കിലെ കളികളുമായി ഗണിതയിടവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക്  സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിന് ആട്ടവും പാട്ടും വേദിയും സംഗീതത്തിനായി സംഗീതയിടവുമുണ്ട്. ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്നും പഠനോപകരണങ്ങളും കളിയുപകരണങ്ങളും നിർമിക്കാൻനിർമാണയിടം ഒരുക്കിയിട്ടുണ്ട്. സർവശിക്ഷാ കേരളം 10 ലക്ഷവും അരിമ്പൂർ പഞ്ചായത്തിന്റെ 15 ലക്ഷവും ചേർത്താണ് പദ്ധതി നടപ്പാക്കിയത്.
കഴിഞ്ഞ ദിവസം മുരളി പെരുനെല്ലി എംഎൽഎ വർണക്കൂടാരം കുട്ടികൾക്ക് സമർപ്പിച്ചു. അനുഭവിച്ചും അസ്വദിച്ചും സ്വയം പഠനാനുഭവം ഒരുക്കാനുള്ള സാധ്യതയാണ് ഇതിലൂടെ പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി കുഞ്ഞുങ്ങൾക്ക് ലഭിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top