29 March Friday

ഞെട്ടിക്കുന്ന ഓര്‍മയില്‍നിന്ന് മോചിതരാകാതെ അവര്‍...

സ്വന്തം ലേഖകന്‍Updated: Wednesday Apr 1, 2020
തൃശൂർ
ലോറിയിൽ തലങ്ങും വിലങ്ങും രാജ്യമാകെ പായുമ്പോഴും ഇങ്ങനെ ഒരു കുരുക്കിൽപെടുമെന്ന് അവർ ഒരിക്കലും കരുതിയില്ല. വിവിധ ജില്ലകളിൽനിന്ന് റബർസാമഗ്രികൾ കയറ്റിപോയ ലോറികളാണ് കർണാടക–- ഗോവ ദേശീയപാതയിൽ ദിവസങ്ങളോളം കുടുങ്ങിയത്. വെള്ളവും ഭക്ഷണവുമില്ലതെ പത്തുദിവസം അവർ ലോറികളിലെ ക്യാബിനിൽ കഴിച്ചുകൂട്ടി. കേരളത്തിലെ ലോറി ഉടമ സംഘടനകൾ, കർണാടക ലോറി ഉടമാ സംഘടനകളുമായി ബന്ധപ്പെട്ട് ആർടിഒ, പൊലീസ് അധികാരികളുടെ പ്രത്യേക അനുമതി വാങ്ങിയാണ് മലയാളികളായ ലോറിക്കാരെ നാട്ടിലെത്തിച്ചത്.
മാർച്ച്‌ 16നാണ് നിലമ്പൂർ പാതാർ സ്വദേശി ചെമ്പ്രമുണ്ട സി എ അജേഷ് തന്റെ രണ്ടു ലോറിയിൽ എംആർഎഫിന്റെ റബർ ഉൽപ്പന്നങ്ങളുമായി ഗോവയിലേക്ക് തിരിച്ചത്. പിന്നാലെ തൃശൂർ, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽനിന്നും നിരവധി സാധനങ്ങൾ കയറ്റിയുള്ള ലോറികൾ ഗോവയിൽ എത്തി. ലോഡിറക്കി മടങ്ങാനിരിക്കേയാണ് കോവിഡ്‌ 19 വ്യാപനത്തെത്തുടർന്ന് വാഹന പരിശോധനയും മറ്റും കർശനമാക്കിയത്.
മൂന്നുദിവസം ഗോവയിൽ കഴിഞ്ഞു. രണ്ടു ദിവസമെടുത്താണ് ഗോവ–- കർണാടക അതിർത്തിയായ കാർവാറിലെത്തിയത്. അധികാരികളുടെ പരിശോധനയെത്തുടർന്ന് ലോറികളെല്ലാം അതിർത്തിയിൽ പിടിച്ചിട്ടു. മാർച്ച്‌ 24ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ ലോറിക്കാർക്കും കാർവാർ ചെക്ക് പോസ്റ്റ് കടക്കാനായില്ല. അതിർത്തിയിലെ ഏതോ ഒഴിഞ്ഞയിടത്തിൽ ലോറികളെല്ലാം നിർത്തിയിട്ടു. അരിയും വെള്ളവും തീരാറായതോടെ 17 അംഗ ലോറിക്കാർക്ക് ഭക്ഷണം ദിവസവും ഉച്ചയ്‌ക്ക് ഒരു നേരം മാത്രമാക്കി ചുരുക്കി. ലോറി ഉടമാസംഘടനകൾ നിർദേശിച്ച പ്രകാരം ഒരാൾ കാർവാറിലെ ലോറികൾക്കരികിൽ വന്ന് 15 ലീറ്റർ കുടിവെള്ളം നൽകി. ഇതിനിടെ, മൊബൈലുകളിൽ ചാർജ് കഴിഞ്ഞതോടെ പുറംലോകവുമായി ബന്ധപ്പെടാനും ഇവർക്ക് കഴിയാതായി.
ഒന്നര ദിവസം ഭക്ഷണം പോലും ഇല്ലാതെയാണ് ലോറികളിൽ കഴിഞ്ഞതെന്ന് അജേഷ് ദേശാഭിമാനിയോട് പറഞ്ഞു. 26ന് പകൽ കർണാടക ആർടിഒ അധികാരികളോട് കേണുപറഞ്ഞാണ് തുടർയാത്രക്ക്‌ അനുമതി ലഭിച്ചത്. തുടർന്ന് 15 മണിക്കൂർ നിർത്താതെ ലോറി ഓടിച്ച് തലപ്പാടി വഴി കേരള അതിർത്തിയിൽ പ്രവേശിച്ചു. ഇതോടെയാണ് ആശ്വാസമായതെന്നും അജേഷ് പറഞ്ഞു. ഇതിനു പിന്നാലെയാണ് കർണാടകം അതിർത്തി മണ്ണിട്ട് മൂടിയത് ഇവർ അറിഞ്ഞത്. ‘മലയാളികളായ നിരവധി ലോറിക്കാർ മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെ കേരളത്തിൽ എത്തിക്കാൻ നടപടി സ്വീകരിക്കണ'മെന്നും അജേഷ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top