25 April Thursday

കുണ്ടന്നൂർ സ്ഫോടനം: അമ്പതോളം വീടുകൾക്ക്‌ തകരാറ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

വടക്കാഞ്ചേരി

സ്ഫോടനത്തിൽ വിറങ്ങലിച്ച്  കുണ്ടന്നൂർ ഗ്രാമം. സ്ഫോടനത്തിൽ അമ്പതോളം  വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുസംഭവിച്ചു. ചില്ല് തകർന്ന് വീണ് ആറ് വയസ്സുകാരിക്ക് പരിക്കേറ്റു.
തിങ്കൾ  വൈകിട്ട്  അഞ്ചോടെയാണ്  കുണ്ടന്നൂരിലെ വെടിക്കെട്ട് സാമഗ്രി നിർമാണ ശാലയിൽ സ്ഫോടനമുണ്ടായത്. രണ്ട് തവണയുണ്ടായ ഉഗ്രസ്ഫോടനത്തിൽ  10 കിലോമീറ്റർ ദൂരത്തിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു.   15 കിലോമീറ്റർ അകലെയുള്ള അത്താണി, വടക്കാഞ്ചേരി, കുന്നംകുളം,പഴഞ്ഞി പ്രദേശങ്ങളിലേക്ക് സ്ഫോടന ശബ്ദം കേട്ടതായും അനുഭവസ്ഥർ  പറയുന്നു. 
 കുണ്ടന്നൂർ തുരുത്തിലും കുമ്പളങ്ങാട്  റോഡിലുമാണ്  കൂടുതൽ നാശനഷ്ടം സംഭവിച്ചിട്ടുള്ളത്.  സ്ഫോടന സ്ഥലത്ത് നിന്ന് സിമന്റ്‌ കട്ടകളും കല്ലുകളും ഒന്നര കിലോമീറ്റർ ദൂരത്തിൽ തെറിച്ച് വീണു.   കുണ്ടന്നൂർ തുരുത്തിൽ ചാലിശേരി വീട്ടിൽ റോഷിയുടെ മകൾ   ഇവാനിയയുടെ ( 6 )  കയ്യിന് മുകളിലേക്ക് ജനൽ ചില്ല് തകർന്ന്  വീണ് മുറിവേറ്റു. സ്ഫോടന ശബ്ദത്തിൽ ഒരു കുട്ടിക്ക് ബോധക്ഷയം അനുഭവപ്പെട്ടു. കുണ്ടന്നൂർ കർമല മാതാ ദേവാലയത്തിന്റെ ചില്ലുകൾ തകർന്നു. സീലിങ്ങിന്റെ ലൈറ്റ് തകർന്നു വീണു. കുണ്ടന്നൂർ സെന്റ് ജോസഫ് സ്കൂളിലും  കുണ്ടന്നൂർ കോൺവെന്റ്‌  സ്കൂളിലേയും  കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെയും   ജെ ജെ മിനി ഹാളിന്റെയും  ജനൽ ചില്ലുകൾ തകർന്നു.  കുണ്ടന്നൂർ തെക്കേക്കര,തുരുത്ത്,ചുങ്കം എന്നീ മേഖലയിലും  വീടുകളുടെ  ജനൽ ചില്ലുകളും വാതിലുകൾ തകർന്നു. 
 കേടുപാടു സംഭവിച്ച കുണ്ടന്നൂർ പള്ളിയിലും സ്കൂളിലും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ   സന്ദർശിച്ചു. എരുമപ്പെട്ടി   പഞ്ചായത്ത്  പ്രസിഡന്റ്‌  എസ് ബസന്ത് ലാൽ,  വൈസ് പ്രസിഡന്റ്‌ ബിന്ദു ഗിരീഷ്  എന്നിവരും ഒപ്പമുണ്ടായി

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top