19 April Friday

കൊലക്കയർ തന്നെ കൊടുക്കണം..
അതുകാണാനാണ്‌ ഇഴഞ്ഞിങ്ങനെ ജീവിക്കുന്നത്...

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

നെടുമങ്ങാട് റവന്യു ടവറിനു മുന്നിൽ ഇഴഞ്ഞു നടന്ന് ലോട്ടറി 
കച്ചവടം നടത്തുന്ന വത്സല

 നെടുമങ്ങാട്

""കൊലക്കയർ തന്നെ കൊടുക്കണം. അവന്റെ മാതാപിതാക്കളെയും എന്നെയും സാക്ഷിയാക്കി നടപ്പാക്കണം. അതുകാണാൻ മാത്രമാണു ഇഴഞ്ഞുനടന്നിങ്ങനെ ലോട്ടറി വിറ്റു ജീവിക്കുന്നത്...'' കേസിലെ പ്രതി അരുൺ കുറ്റക്കാരനാണെന്ന വിധിക്കുശേഷം ദേശാഭിമാനിയോട്‌ പ്രതികരിക്കുകയായിരുന്നു സുര്യഗായത്രിയുടെ അമ്മ വത്സല. അവളെ എന്റെ കൺമുന്നിലിട്ടു കുത്തിനുറുക്കി കൊന്നതാണ്. വാവിട്ടു കരഞ്ഞ് യാചിച്ചു. നടക്കാനാകാത്തതിനാൽ ഇഴഞ്ഞു ചെന്ന് കാലുപിടിച്ചു കെഞ്ചി. ഓരോ കുത്തും ചെറുക്കാൻ ശ്രമിച്ചു. എന്റെ നെഞ്ചിൽ ചവിട്ടിനിന്നുപോലും അവളെ കുത്തി. ജന്മനാതളർന്നുപോയ ഈ മടിയിൽ കിടന്നു ചോരവാർന്നാണവൾ പിടഞ്ഞൊടുങ്ങിയത്. അതിനുശേഷം ഇന്നോളം ഉറങ്ങിയിട്ടില്ല. –- വിങ്ങിക്കരഞ്ഞു കൊണ്ടാണ് വത്സല സംസാരിച്ചത്‌.
പഠിക്കാൻ മിടുക്കിയായിരുന്നു മകളെന്ന്‌ വത്സല പറഞ്ഞു. തന്റെ അവശതയ്‌ക്കുള്ള താങ്ങായിരുന്നു. ഈ ജീവിതത്തിൽ നിന്നുള്ള മോചനം അവളിലൂടെ പ്രതീക്ഷിച്ചിരുന്നു. ഓരാന്നായി അവൻ തകർത്തെറിഞ്ഞു. ആദ്യം അവളുടെ പഠനത്തെ തകർത്തു. പിന്നെ സ്വസ്ഥത തകർത്തു. ഒടുവിൽ ജീവനും കവർന്നു. വെഞ്ഞാറമൂടിനു സമീപം ഒരു നിർധന കുടുംബത്തിലാണ് വത്സല ജനിച്ചത്. ഭിന്നശേഷിക്കാരിയായതിന്റെ പരിമിതിയിലാണ്‌ ജീവിതം ആരംഭിക്കുന്നത്‌. ആവുന്നതെന്തും ചെയ്‌ത്‌ ജീവിക്കാൻ ശ്രമിച്ചു. വൈകല്യം ഒന്നിലും അധികകാലം തുടരാൻ അനുവദിച്ചില്ല. ഇരുപത്തി ഏഴാംവയസ്സിൽ വിവാഹിതയായെങ്കിലും വൈകാതെ ഭർത്താവ് മരിച്ചു. പിന്നീടാണ്‌ ശിവദാസനുമായി ജീവിതം ആരംഭിച്ചത്. അതിൽ പിറന്ന മകളാണ് സൂര്യഗായത്രി. അധികം വൈകാതെ ശിവദാസനും രോഗബാധിതനായി. ജോലിക്ക്‌ പോകാൻ വയ്യാണ്ടായി. 
തുടർന്നാണ് വത്സല ലോട്ടറി വിൽപ്പന ആരംഭിച്ചത്. മകളെ പഠിപ്പിച്ച് നല്ലനിലയിലാക്കി ദുരിതജീവിതത്തിൽനിന്നും മോചനം നേടാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു. അമ്മയുടെ മനസ്സറിഞ്ഞ്‌ മകളും നന്നായി പഠിച്ചു. സ്‌കൂൾ വിദ്യാഭ്യാസം നല്ലനിലയിൽ പൂർത്തിയാക്കിയ സൂര്യഗായത്രിയെ ഡിഗ്രി വിദ്യാഭ്യാസം തുടരാൻപോലും അനുവദിക്കാത്തനിലയിൽ പ്രതി ശല്യംചെയ്‌തിരുന്നു. ഒടുവിൽ അവളുടെ ജീവനുമെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top