19 April Friday

പദ്ധതികളിലെ ക്രമക്കേട്: നടപടിയെടുത്തത് കോര്‍പറേഷന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
തിരുവനന്തപുരം> വനിതാ സ്വയംതൊഴിൽ വായ്‌പ സബ്‌സിഡി പദ്ധതിയുടെയും എസ്എംഎസ് പദ്ധതിയുടെയും പേരിൽ കോർപറേഷനെതിരെയുള്ള വാദം പൊളിയുന്നു.  സ്വയംതൊഴിൽ വായ്‌പ പദ്ധതിയിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഇൻഡസ്ട്രീസ് എക്‌സ്റ്റൻഷൻ ഓഫീസറെ നേരത്തെ അറസ്റ്റ്ചെയ്‌തിരുന്നു. ഇൻഡസ്ട്രീസ് എക്‌സ്‌ടെൻഷൻ ഓഫീസർ(ഐഇഒ), ബാങ്ക്, ഏജന്റുമാർ എന്നിവരെയാണ് പ്രതിചേർത്തത്. വിജിലൻസിന്റെ നേതൃ-ത്വത്തിൽ തുടരന്വേഷണവും നടക്കുന്ന സാഹചര്യത്തിലാണ് കോർപറേഷന്റെ വീഴ്‌ചയെന്ന നിലയിൽ മാധ്യമങ്ങൾ വിഷയം അവതരിപ്പിക്കുന്നത്. എന്നാൽ, കോർപറേഷന്റെ ആഭ്യന്തര അന്വേഷണ വിഭാ​ഗം കണ്ടെത്തിയ വിവരങ്ങൾ മേയർ ആര്യ രാജേന്ദ്രൻ മാസങ്ങൾക്ക് മുമ്പേ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചിരുന്നു. 
 
ജനകീയ ആസൂത്രണവുമായി ബന്ധപ്പെട്ട് പട്ടികജാതി വനിതാ ​ഗ്രൂപ്പുകൾക്ക് സ്വയം തൊഴിൽ‌ സംരംഭത്തിന് സബ്സിഡി നൽകുന്ന പദ്ധതിയിൽ, 2022–-21, 2021 –-22 സാമ്പത്തിക വർഷം വ്യാജരേഖകൾ സമർപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. കോർപറേഷന്റെ ആഭ്യന്തര അന്വേഷണവിഭാ​ഗം ഫയൽ പരിശോധിക്കുന്ന സമയത്ത് കണ്ടെത്തിയ ക്രമക്കേടുകളിൽ അക്കൗണ്ട്സ് ആൻഡ് ഓഡിറ്റ് വിഭാഗത്തിന്റെ സഹായത്തിൽ പ്രാഥമിക അന്വേഷണം നടത്തി. അപേ​ക്ഷകർ സമർപ്പിച്ചത് വ്യാജ കമ്യൂണിറ്റി സർട്ടിഫിക്കറ്റാണെന്ന സംശയത്തെതുടർന്ന് കോർപറേഷൻ അന്വേഷണം ഊർജിതപ്പെടുത്തി. അപേ​ക്ഷിച്ച 33 ​ഗ്രൂപ്പിന്റെയും തുക ഒരേ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയതെന്ന് കണ്ടെത്തി. തുടർന്ന് കോർപറേഷൻ പൊലീസിൽ പരാതി നൽകി. പദ്ധതിയിൽ കോർപറേഷനിലേക്ക് ലഭിക്കുന്ന അപേക്ഷകൾ പരിശോധിക്കുന്നത് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥനാണ്. കോവിഡ് സമയത്ത് ​ഗുണഭോക്താക്കൾ നേരിട്ട് ഹാജരാകുന്നതിന് ഇളവുനൽകിയത് മുതലെടുത്തായിരുന്നു തട്ടിപ്പ്‌.
 
മേയറുടെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റു ചെയ്‌തിരുന്നു. ഐഇഒ പ്രവീൺ രാജ്, ഏജന്റുമാരായ സിന്ധു, അജിത എന്നിവരെയാണ് അറസ്റ്റ്ചെയ്‌തത്‌. പ്രവീൺ രാജിനെക്കൂടാതെ ഷെഫിനെന്ന ഉദ്യോ​ഗസ്ഥൻ നടത്തിയ തട്ടിപ്പും കണ്ടെത്തിയതോടെ ഇരുവരെയും സസ്‌പെൻഡ്‌ചെയ്‌തു. കോർപറേഷന്റെ അന്വേഷണത്തിൽ കമ്യൂണിറ്റി സർ‌ട്ടിഫിക്കറ്റ്  വ്യാജമാണെന്ന്‌ കണ്ടെത്തിയത്‌ പൊലീസ്  സ്ഥീരികരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 
 
അഴിമതി നിരോധന നിയമത്തിന്റെ പരിധിയിലായതിനാൽ കേസിൽ വിജിലൻസ്‌ അന്വേഷണവും നടക്കുകയാണ്. നഷ്‌ടപ്പെട്ട തുക പ്രതികളിൽനിന്ന് തിരിച്ചുപിടിക്കാനുള്ള നടപടികളും സ്വീകരിച്ചു. തദ്ദേശ വകുപ്പിലെ പെർഫോമൻസ് ഓഡിറ്റ് ഓഫീസറുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top