26 April Friday

ഡോക്ടർമാരിൽ അമിത വണ്ണവും 
പൊണ്ണത്തടിയും കൂടുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023
തിരുവനന്തപുരം
കേരളത്തിലെ മോഡേൺ മെഡിസിൻ വിഭാഗത്തിലെ  84ശതമാനം ഡോക്ടർമാരും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണെന്ന് പഠനം. അതിൽ 46ശതമാനം ഡോക്ടർമാരിലും അനുബന്ധ അസുഖങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.  
 
രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം, തൈറോയ്ഡ് എന്നിവയാണ് പ്രധാനമായും കണ്ടെത്തിയത്. തിരുവനന്തപുരം,- കൊല്ലം മെഡിക്കൽ കോളേജുകളിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. 
 
2018 ജനുവരി മുതൽ 2019 സെപ്‌തംബർ വരെ വിവിധ ജില്ലകളിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന 240 ഡോക്ടർമാരിൽ നിന്നാണ്‌ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ വിവരം ശേഖരിച്ചത്‌.  ജനറൽ പ്രാക്ടീസ് നടത്തുന്നവർ, ഭരണച്ചുമതലയുള്ളവർ, കൺസൾട്ടന്റുമാർ, സ്പെഷ്യലിസ്റ്റുമാർ എന്നിവരെയും പഠനത്തിൽ ഉൾപ്പെടുത്തി.
 
ഡോക്ടർമാരിലെ ഉറക്കക്കുറവ് ഈ ആരോഗ്യ പ്രശ്നങ്ങൾക്ക് പ്രധാന ഘടകമാണ്. ഇവരിൽ അമിത വണ്ണത്തിന് നാലര ഇരട്ടി വരെയാണ് സാധ്യത. 18 മുതൽ 22.9 വരെ ബോഡി മാക്സ് ഇന്റക്സ് (ഉയരത്തിനനുസരിച്ചുള്ള ശരീരഭാരം) സാധാരണ നിലയാണെങ്കിൽ 23, - 24.9 വരെ അമിതഭാരവും 25ന്‌ മുകളിൽ പൊണ്ണത്തടിയുമാണ്. ഇതനുസരിച്ച്  29ശതമാനം ഡോക്ടർമാർക്ക് അമിതഭാരവും 55 ശതമാനം പേർക്ക് പൊണ്ണത്തടിയുമാണെന്നാണ് കണ്ടെത്തിയത്. 
 
പകുതിയിലധികം ഡോക്ടർമാരും അതായത് 136 (56.7ശതമാനം) ശരീരഭാരം ക്രമീകരിക്കാൻ ശ്രമിച്ചിട്ടില്ല. മെഡിക്കൽ പ്രൊഫഷണലുകൾക്കിടയിൽ എല്ലാ പ്രായത്തിലുള്ളവരിലും കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പൊണ്ണത്തടിയുടെ വ്യാപനം വർധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എം കെ അഞ്ജന, ഡോ. ടോണി ലോറൻസ്, പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. പി എസ് ഇന്ദു എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top