29 March Friday

ലാൽസലാമിന്റെ സമ്പാദ്യം 21 ഭാഷയിലെ ഗുരുദർശനങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 31, 2023

ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് പോളിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച 
പുസ്തകവുമായി ലാൽസലാം

തിരുവനന്തപുരം> ദൈവദശകത്തിന്റെ അറബിക്‌ പതിപ്പ്‌, ശ്രീനാരായണ ഗുരു കൃതികളുടെ പോളിഷ്‌ പതിപ്പ്‌. ആരെയും അത്ഭുതപ്പെടുത്തും ലാൽസലാമിന്റെ കൈയിലുള്ള  ഗുരുവിനെക്കുറിച്ചുള്ള പുസ്‌തകങ്ങളുടെ വിപുല ശേഖരം. 21 ഭാഷയിലായി ഇറങ്ങിയ രണ്ടായിരത്തിലേറെ പുസ്‌തകങ്ങളാണ്‌ കൈവശമുള്ളത്‌. ഇവയിൽ 1500 പുസ്‌തകവും മലയാളത്തിലുള്ളവയാണ്‌. 257 പുസ്‌തകം ഇംഗ്ലീഷിലുമുണ്ട്‌. 
 
ഗുരുദർശനങ്ങൾ വിദേശഭാഷയിലേക്ക്‌ വിവർത്തനം ചെയ്യുന്നതിലും ലാൽസലാം നിർണായക പങ്ക്‌ വഹിച്ചിട്ടുണ്ട്‌.
 
2021ൽ ഹന്ന ഉർബൻസ്‌ക ഗുരുവിന്റെ കൃതികൾ പോളിഷ്‌ ഭാഷയിലേക്ക്‌ വിവർത്തനം ചെയ്തിരുന്നു. ഇതിന്‌ തന്നെ സഹായിച്ച ലാൽസലാമിനോടുള്ള കടപ്പാട്‌ ഗ്രന്ഥകാരി തന്റെ പുസ്‌തകത്തിൽ നൽകിയിട്ടുണ്ട്‌. 35 വർഷം മുമ്പ്‌ ശ്രീനാരായണീയ ദർശനങ്ങളോട്‌ തോന്നിയ അടുപ്പമാണ്‌ പുസ്‌തകങ്ങളുടെ ശേഖരണത്തിലേക്ക്‌ നയിച്ചതെന്ന്‌ ലാൽസലാം പറയുന്നു. പ്രസാധകനായി മാറിയപ്പോൾ നാലുപുസ്‌തകം  ഗുരുവിനെക്കുറിച്ച്‌ എഴുതി. 60 പുസ്‌തകം പുറത്തിറക്കി. നിരവധി സ്ഥലങ്ങളിൽ പ്രദർശനവും സംഘടിപ്പിച്ചു. 
 
അയ്യൻകാളി ഹാളിൽ തിങ്കളാഴ്‌ച നടന്ന പ്രദർശനം കണ്ട ശിവഗിരി  ശ്രീനാരായണ ധർമ്മസംഘം പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ സന്ദർശക പുസ്‌തകത്തിൽ ഇങ്ങനെ എഴുതി  ‌‘ഇത്‌ അത്ഭുതം ! അനിർവാച്യം ഗുരുദേവ  സമാരാധന..’

വിവരണാത്മക ഗ്രന്ഥസൂചി തയ്യാർ

ലാൽസലാമിന്റെ പുസ്‌തകശേഖരത്തിൽനിന്ന്‌ കേരള സർവകലാശാല  ശ്രീനാരായണ ഗുരു അന്തർദേശീയ പഠനകേന്ദ്രം വിവരണാത്മക ഗ്രന്ഥസൂചി തയ്യാറാക്കി.  ഡോ. സി വി സുരേഷ്, ബി ജയകുമാർ എന്നിവർ ചേർന്ന് മൂന്ന് വർഷം കൊണ്ടാണ്‌ തയ്യാറാക്കിയത്‌. 
 
ഗുരുദേവന്റെ ജീവിതം ആസ്‌പദമാക്കി മറ്റുള്ളവർ എഴുതിയ മഹാകാവ്യങ്ങൾ, ഖണ്ഡകാവ്യങ്ങൾ, കഥകൾ, നാടകങ്ങൾ, യാത്രാ വിവരണങ്ങൾ, കഥാപ്രസംഗങ്ങൾ, കിളിപ്പാട്ട്, ഗാഥ, തുള്ളൽ, ആട്ടക്കഥ എന്നിങ്ങനെ ശേഖരം വിപുലമാണ്‌. വടക്കൻപാട്ടും വഞ്ചിപ്പാട്ടുമുണ്ട്‌.  ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായുള്ള പുസ്തകങ്ങളും പഠനങ്ങളും അനുബന്ധമായി ഗ്രന്ഥസൂചിയിൽ ഉൾപ്പെടുത്തും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top