19 April Friday

പൊതിച്ചോറ്‌ സിറ്റൗട്ടിലുണ്ട്‌
എടുക്കണേ...

സ്വന്തം ലേഖകൻUpdated: Wednesday Nov 30, 2022
കാട്ടാക്കട
‘‘പൊതിച്ചോറ് എടുക്കാൻ വരുന്നവരുടെ ശ്രദ്ധയ്‌ക്ക്...  പൊതിച്ചോറ് തയ്യാറാക്കി സിറ്റൗട്ടിലെ കസേരയിൽ വച്ചിട്ടുണ്ട്. ദയവായി എടുത്തുകൊണ്ട് പോവുക. ആശുപത്രിയിൽ പോകുന്നതുകൊണ്ടാണ്.’’
മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ വിതരണംചെയ്യാനുള്ള പൊതിച്ചോറ്‌ ശേഖരിക്കാൻ കഴിഞ്ഞദിവസം ആലംപൊറ്റ പ്രദേശത്തെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കാണ്‌ ഗേറ്റിൽനിന്ന്‌ കുറിപ്പ്‌ കിട്ടിയത്‌.  
മടത്തുവിളയിൽ താമസിക്കുന്ന എം വിജയരാജ്– -എസ് പ്രജിത ദമ്പതികളെഴുതിയ കുറിപ്പ്‌ സമൂഹമാധ്യമങ്ങളിൽ തരംഗമായി. 
സുഖമില്ലാതെ ആശുപത്രിയിൽ പോകേണ്ടിവന്നെങ്കിലും തങ്ങളുടെ കരുതലിൽ വിശപ്പകറ്റാനിരിക്കുന്ന ചിലരെ ഓർത്തപ്പോൾ പ്രജിതയ്‌ക്ക്‌ ഊണൊരുക്കാതിരിക്കാനായില്ല. അങ്ങനെയാണ്‌ ഗേറ്റിങ്കൽ കുറിപ്പ്‌ തൂങ്ങിയത്‌. 
തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഡിവൈഎഫ്ഐ  നടപ്പാക്കുന്ന "വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഹൃദയപൂർവം’ പദ്ധതിയുടെ ഭാഗമായി പൊതിച്ചോറ് എത്തിക്കാനുള്ള ഊഴം ഊരൂട്ടമ്പലം മേഖലാ കമ്മിറ്റിക്കായിരുന്നു.
ഇലക്ട്രീഷ്യനായ വിജയരാജ് ഹൃദ്‌രോഗിയാണ്. ഹൃദയാഘാതം ഒരെണ്ണം കഴിഞ്ഞു. വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും കഴിഞ്ഞു. പ്രജിത കടുത്ത ശ്വാസകോശരോഗിയും. 
പൊതിച്ചോറെന്ന ആവശ്യമുന്നയിച്ച്‌ യുവാക്കൾ  വീട്ടിലെത്തിയപ്പോൾ പ്രജിത സമ്മതിച്ചു. ഇതിനിടെയാണ്‌ സുഖമില്ലാതായത്‌. അനാരോഗ്യം വകവയ്ക്കാതെ പുലർച്ചെതന്നെ ഭക്ഷണം പാകംചെയ്ത് പൊതികെട്ടി. തിരുവനന്തപുരത്ത്‌ ആശുപത്രിയിലേക്ക്‌ പോകുന്നതിനു മുമ്പായി പൊതികൾ കസേരയിലും വച്ചു. 
ഗേറ്റടച്ചിട്ടുകണ്ടാൽ പൊതിച്ചോർ എടുക്കാതിരിക്കുമോ എന്ന ആശങ്കയിലാണ് കുറിപ്പ്‌ എഴുതിവച്ചത്‌. കുറിപ്പ്‌ കണ്ട ഡിവൈഎഫ്ഐ പ്രവർത്തകർ ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ചിത്രം വൈറലാവുകയും നിരവധി പ്രമുഖ പ്രൊഫൈലുകൾ ഉൾപ്പെടെ ഇത് പങ്ക് വയ്ക്കുകയും ചെയ്തു.
വിജയരാജ് 20 വർഷംമുമ്പ്‌ സിപിഐ എം മാറനല്ലൂർ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളാൽ ഇപ്പോൾ സജീവമല്ല. പ്ലസ് ടു വിദ്യാർഥി അഭിഷേക് വി രാജും ഒമ്പതാം ക്ലാസ് വിദ്യാർഥി ആശിഷ് വി രാജും മക്കളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top