25 April Thursday
വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനം

പുനരധിവാസഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനമായി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
തിരുവനന്തപുരം 
വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനപദ്ധതിയുമായി ബന്ധപ്പെട്ട് പുനരധിവാസ പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള 11 (1) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം താലൂക്കിലെ പേരൂർക്കട വില്ലേജിലെ 0.9430 ഹെക്ടർ ഭൂമിയാണ് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. വിജ്ഞാപനം സംബന്ധിച്ച്   ആക്ഷേപമുള്ളവർ 15 ദിവസത്തിനുള്ളിൽ തിരുവനന്തപുരം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലെ എൽഎ സ്പെഷൽ തഹസിൽദാരെ (ജനറൽ) രേഖാമൂലം അറിയിക്കണമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് www.trivandrum.nic.in എന്ന വെബ്സൈറ്റിൽ ലഭ്യം.
     കിഫ്ബി ധനസഹായത്തോടെയുള്ള വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനപദ്ധതി രണ്ട്  ഭാഗമായാണ് നടപ്പിലാക്കുന്നത്. വട്ടിയൂർക്കാവ് ജങ്‌ഷന്റെയും അനുബന്ധ റോഡുകളുടെയും വികസനം പൊതുമരാമത്തു വകുപ്പിന്റെ പദ്ധതിയായും ഒഴിപ്പിക്കപ്പെടുന്നവരുടെ പുനരധിവാസം തദ്ദേശസ്വയംഭരണ വകുപ്പിന്റെ പദ്ധതിയായുമാണ് നടപ്പാക്കുന്നത്. കേരള റോഡ് ഫണ്ട് ബോർഡും ട്രിഡയുമാണ് എസ്‌പിവികൾ. ശാസ്തമംഗലം–--വട്ടിയൂർക്കാവ്-–-പേരൂർക്കട റോഡ് മൂന്നു റീച്ചിലായി 10.75 കിലോമീറ്റർ   18.5 മീറ്റർ വീതിയിൽ വികസിപ്പിക്കാനും റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാനും ചേർത്തുള്ള സമഗ്ര പദ്ധതിയാണിത്. വികസനത്തിന്റെ ഭാഗമായി 570 ൽ പരം വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടം സംഭവിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതിൽ 200 ഓളം വ്യാപാര സ്ഥാപനങ്ങൾക്ക് പുനരധിവാസം ഒരുക്കേണ്ടിവരും. ഇതിലേക്കാവശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. മൂന്ന് ഏക്കറോളം വസ്തുവാണ് ഏറ്റെടുക്കുന്നത്. 
വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനത്തിനുള്ള വസ്തു ഏറ്റെടുക്കാനായി 95 കോടി രൂപയും റോഡ് നിർമാണ പ്രവൃത്തികൾക്കായി 219.75 കോടി രൂപയും കെആർഎഫ്ബിക്ക് അനുവദിച്ചിട്ടുണ്ട്. റീഹാബിലിറ്റേഷനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കാനായി ട്രിഡയ്ക്ക് 27.04 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആകെ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത് 341.79 കോടി രൂപയാണ്. 
    വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനത്തിന്റെ ഒന്നാം റീച്ചായ ശാസ്തമംഗലം–-  മണ്ണറക്കോണം റോഡിന്റെ 19(1) നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങും. വട്ടിയൂർക്കാവ് ജങ്‌ഷൻ വികസനം എന്ന ലക്ഷ്യത്തിലേക്ക് വളരെയേറെ അടുത്തുകഴിഞ്ഞുവെന്നും ഈ വർഷം അവസാനത്തോടുകൂടി നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയുമെന്നും വി കെ പ്രശാന്ത് എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top