20 April Saturday

മഴ ജില്ലയിൽ കനത്ത നാശം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

ഇടത്തറ, മുഴയിൽ, ആളിയൽതട്ട റോഡിലേക്ക്‌ സംരക്ഷണ ഭിത്തി വീണപ്പോൾ

കരകുളം 

കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ കരകുളം പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. കിള്ളിയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് സമീപത്തെ കൃഷി  നശിച്ചു . നമ്പാട് -പിന്നൂർ തോട് കരകവിഞ്ഞ് നിരവധി വീടുകളിൽ വെള്ളം കയറി. പതിയനാട് പ്രദേശത്ത് 20 ഓളം വീട്ടിലും വെള്ളം കയറി, മരം വീണ് കായ്പാടി തെക്കുംകര വീട്ടിൽ പത്മാവതിയമ്മയുടെ വീട് തകർന്നു. കിഴക്കേല വാര്യകോണത്ത് വീട്ടിൽ അബ്ബാസിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു.  40 അടിയോളം ഉയരത്തിലുള്ള കുന്ന്  ഇടിഞ്ഞുവീഴുകയായിരുന്നു. അടുക്കള ഭാഗവും കക്കൂസും തകർന്നു. 
കിഴക്കേല സന മൻസിലിൽ ഫിറോസ്‌, പലോട്ട് തടത്തരികത്ത് വീട്ടിൽ ഷെഫീക്ക്‌ , ചെക്കക്കോണം ഐഎഎസ് കോട്ടേജിൽ മുഹമ്മദ് ഇർഷാദ്‌, കുമ്മിപ്പള്ളി റോഡ് കൃപയിൽ കെ ജി ഹരിം എന്നിവരുടെ വീടിന്റെ മതിൽ തകർന്നു. വട്ടപ്പാറയിൽ കരയാളത്ത്കോണം അജയൻ, കുഴിക്കോണം, രാജേഷ്, സുജിത്ത്, ബാബു, സുജി, മഹേശ്വരി, പാതിരിക്കോണത്ത് കലാ ദേവി, അനിൽകുമാർ, പെരുമാൾ, എബ്രഹാം തോമസ് എന്നിവരുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട് ഭാഗികമായി തകർന്നു. കരകുളം പഞ്ചായത്ത്‌  ദുരിതബാധിതർക്കായി കല്ലയം യു പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി.
വീട്ടിനുള്ളിൽ അകപ്പെട്ട കിടപ്പു രോഗികളെ 
രക്ഷപ്പെടുത്തി
കഴക്കൂട്ടം 
 മഴയിൽ  മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന്  വീട്ടിനുള്ളിൽ അകപ്പെട്ട  കിടപ്പുരോഗികളായ വയോധികരെ കഴക്കൂട്ടം അഗ്നിശമനസേന രക്ഷപ്പെടുത്തി. പൗഡിക്കോണം കമലാലയത്തിൽ തങ്കപ്പൻ (80), ഭാര്യ കമ്മലമ്മ (75)എന്നിവരെയാണ്‌ രക്ഷപ്പെടുത്തിയത്‌. ഞായർ വൈകിട്ടായിരുന്നു സംഭവം. ശക്തമായ മഴയിൽ വീടിന്റെ അടിത്തറ ഉൾപ്പെടെ മുൻവശത്തെ മണ്ണ്  ഇടിഞ്ഞ്‌ തോട്ടിലേക്ക് പതിക്കുകയായിരുന്നു. വയോധികരെ വീടിന്‌ പുറത്ത് എത്തിക്കാൻ കഴിയാതെ സിപിഐ എം പൗഡിക്കോണം ലോക്കൽ  സെക്രട്ടറി അജിത്ത് ലാൽ അഗ്നിശമനസേനയുടെ സഹായം തേടി . കഴക്കൂട്ടം  അസി. സ്റ്റേഷൻ ഓഫീസർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ സേന  അംഗങ്ങളായ മിഥുൻ, രാഹുൽ, ഉമേഷ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. വയോധികരെ സമർപ്പണം ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസിൽ ഇവരുടെ മകൻ താമസിക്കുന്ന വേറ്റിനാടുള്ള വീട്ടിൽ എത്തിച്ചു.
വീടിന്റെ മതിലും റോഡും തകർന്നു
ശക്തമായ മഴയിൽ കുന്നിടിഞ്ഞ് മരങ്ങൾ വീട്ടിലേക്ക്‌ വീണു. പൗഡിക്കോണം മെറി നിവാസിൽ ബിജുവിന്റെ വീടിന്റെ മുൻഭാഗത്തെ കുന്നാണ് ഇടിഞ്ഞ് മരങ്ങളോടൊപ്പം വീടിന്റെ അടുക്കള ഭാഗത്തേക്ക് പതിച്ചത്. അടുക്കളഭാഗത്തെ ചുവര് ഇടിഞ്ഞ്‌ താഴ്ന്നു. വീട്ടിൽ വളർത്തിയിരുന്ന കോഴികൾ മണ്ണിനടിയിലായി. അഗ്നിശമനസേനാംഗങ്ങളെത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റിയത്‌. 
ആനന്ദേശ്വരം ഇടത്തറ ആളിയൽ തട്ട താരഭവനിൽ താരയുടെ വസ്തുവിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ്‌ താഴ്ന്നു. സംരക്ഷണ ഭിത്തിയുടെ സിമന്റ് കട്ടയും മണ്ണും തോട്ടിലേക്ക് വീണു. ഇടത്തറ അയ്യൻകോവിൽ റോഡ് ഇടിഞ്ഞു താഴ്ന്നു. കരിമ്പുവിള ഹിമശ്രീയിൽ ശുഭാകുമാരിയുടെ സ്ഥലത്തിന്റെ സംരക്ഷണഭിത്തിയും ഇടിഞ്ഞു. കരിമ്പുവിള ഞാണ്ടൂകോണം  റോഡിന്റെ സംരക്ഷണഭിത്തിയും ഇടിഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top