തിരുവനന്തപുരം
.jpg)
വിളപ്പിൽ പഞ്ചായത്തിലെ കരിവിലാഞ്ചി വാർഡിലെ ക്രിസ്തുദാസിന്റെ വീട് മഴയിൽ തകർന്ന നിലയിൽ
ജില്ലയിലെങ്ങും കനത്തമഴ. വെള്ളി രാവിലെമുതൽ ആരംഭിച്ച മഴ രാത്രിയും തുടർന്നു. അതേസമയം വർക്കലയിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലുമായി വർക്കല താലൂക്കിൽ ഒരു വീട് പൂർണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നു. വിളപ്പിൽ പഞ്ചായത്തിലെ കരിവിലാഞ്ചി വാർഡിലെ ക്രിസ്തുദാസിന്റെ വീട് മഴയിൽ തകർന്നു. ക്രിസ്തുദാസും ഭാര്യയും അപകട സമയത്ത് വീട്ടിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
വിവിധ പ്രദേശങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുത ലൈനിലൂടെയും റോഡിലൂടെയും വീണതിനാൽ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ ഗതാഗത തടസ്സവുമുണ്ടായി. വർക്കല നഗരസഭ, വെട്ടൂർ, ഇടവ പഞ്ചായത്തുകളിലെ തീരദേശ മേഖലയിലെ വീടുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ചെമ്മരുതി കല്ലണയാർ കരകവിഞ്ഞൊഴുകി. ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ, വെട്ടൂർ, ഇടവ, ഇലകമൺ, ചെമ്മരുതി എന്നീ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിലും വെള്ളം കയറി.
കനത്ത മഴയിലും കാറ്റിലും കടൽക്ഷോഭവും രൂക്ഷമാവുകയാണ്.
ഇതോടെ പാപനാശം, തിരുവമ്പാടി തീരങ്ങളിൽ സന്ദർശക നിയന്ത്രണവും തുടരുകയാണ്. മൂന്നു മാസത്തിലേറെയായി തീരത്തുനിന്ന് കടലിലേക്ക് ആരെയും കടത്തിവിടാറില്ല. കയർ കെട്ടിത്തിരിച്ചും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചുമാണ് തീരത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ തുടർച്ചയായി പെയ്‌ത മഴയിൽ താഴ്‌ന്ന പ്രദേശങ്ങളിൽ താൽക്കാലിക വെള്ളക്കെട്ടുണ്ടായി. പാങ്ങോട് മരം വീണു ഗതാഗതപ്പെട്ടു. കുഞ്ഞാലുമ്മൂട് വീടുകളിൽ വെള്ളം കയറി. പട്ടം പ്ലാമൂട് ഭാഗത്തു മരം വീണു.
തെറ്റിയാർ തോട് കരകവിഞ്ഞു;
3 വീടുകളിൽ വെള്ളംകയറി
കഴക്കൂട്ടം
കഴക്കൂട്ടത്ത് തെറ്റിയാർ തോട് കരകവിഞ്ഞ് ഒഴുകി. നഗരസഭയുടെ പൗണ്ടുകടവ് വാർഡിൽപ്പെട്ട 40 അടി പാലത്തിനുസമീപം മൂന്നു വീടുകളിൽ വെള്ളം കയറി.
മൺവിള ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ ഒരു ഭാഗത്തെ മതിലിടിഞ്ഞു. കുളത്തൂർ, ആറ്റിൻകുഴി, കഴക്കൂട്ടം മേൽപാലം പൊലീസ് സ്റ്റേഷൻ റോഡ്, മേൽപാലം അമ്മൻ കോവിൽ റോഡ് തുടങ്ങിയ ഭാഗങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. കഴക്കൂട്ടം–- ചന്തവിള വാർഡുകളിൽപ്പെട്ട ഇട റോഡുകൾ പലതും വെള്ളത്തിലായി.
ഖനനത്തിലും വിനോദയാത്രയ്ക്കും നിരോധനം
ജില്ലയിൽ ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതവും വിനോദസഞ്ചാരവും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ വൈകിട്ടുവരെ 30 സെന്റിമീറ്റർ ഉയർത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..