കാട്ടാക്കട
10 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുംചെയ്ത തിരുവല്ലം കോളിയൂർ ചന്തയ്ക്ക് സമീപം മഹാത്മ അയ്യൻകാളി നഗർ ടിസി 58 /2027ൽ രതീഷിനെ (36)യാണ് കഠിനതടവിന് ശിക്ഷിച്ചത്.
കാട്ടാക്കട അതിവേഗം പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാറാണ് 91 വർഷത്തെ കഠിനതടവിനും 2,10,000 രൂപ പിഴയ്‌ക്കും ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ നാലേകാൽ വർഷം അധിക കഠിനതടവ് അനുഭവിക്കണം.
2018 മാർച്ചിലാണ് സംഭവം. അതിജീവിതയുടെ വീടിനടുത്തെ ഭാര്യവീട്ടിൽ വന്ന പ്രതി മൊബൈൽ ഫോണിൽ ചിത്രങ്ങൾ കാണിക്കാമെന്നു പറഞ്ഞ് ദിവസങ്ങളോളം പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ വീണ്ടും ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് കുട്ടി വിവരം മാതാവിനോട് പറയുകയും ഇവർ ചൈൽഡ് ലെയ്‌ൻ സഹായത്തോടെ മലയിൻകീഴ് പൊലീസിൽ മൊഴി നൽകുകയായിരുന്നു. മലയിൻകീഴ് എസ്എച്ച്ഒ പി ആർ സന്തോഷാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ആർ പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ16 സാക്ഷികളെ വിസ്തരിച്ചു, 12 രേഖ ഹാജരാക്കി.
കാട്ടാക്കട അതിവേഗ പോക്സോ കോടതി നൽകുന്ന ഏറ്റവും വലിയ ശിക്ഷാവിധിയാണ് ഇത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..