29 March Friday
നേമം ടെർമിനൽ

കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
തിരുവനന്തപുരം 
നേമം റെയിൽവേ കോച്ചിങ്‌ ടെർമിനൽ പദ്ധതി ഉപേക്ഷിച്ച കേന്ദ്രസർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോർപറേഷൻ കൗൺസിൽ പ്രമേയം പാസാക്കി. മേയർ ആര്യ രാജേന്ദ്രൻ അവതരിപ്പിച്ച പ്രമേയം എൽഡിഎഫ്‌, യുഡിഎഫ്‌ അംഗങ്ങൾ പിന്തുണച്ചു. എന്നാൽ, തലസ്ഥാനത്തിന്റെ പൊതുതാൽപ്പര്യത്തിന്‌ വിരുദ്ധ സമീപനമെടുത്ത ബിജെപി പ്രമേയത്തെ പിന്തുണച്ചില്ല. ‘വിട്ടുനിൽക്കുന്നുവെന്ന’ വിചിത്ര സമീപനം സ്വീകരിച്ചു.
ജില്ലയുടെ വികസനത്തിൽ നിർണായക പങ്കുള്ള പദ്ധതി ഏകപക്ഷീയമായി ഉപേക്ഷിച്ച വിവരം ഞെട്ടിച്ചതായി മേയർ പറഞ്ഞു. ജോൺ ബ്രിട്ടാസ്‌ എംപി രാജ്യസഭാധ്യക്ഷന്‌ പരാതി നൽകിയതുകൊണ്ടു മാത്രമാണ്‌ പദ്ധതി ഉപേക്ഷിച്ചത്‌ തുറന്നുപറയാൻ റെയിൽവേ തയ്യാറായത്‌. റെയിൽവേ മേഖലയിൽ എക്കാലവും  കേരളത്തെ അവഗണിക്കുന്ന സമീപനമാണ്‌ കേന്ദ്രസർക്കാരിന്‌. റെയിൽവേയെ സ്വകാര്യവൽക്കരിച്ച്‌ വിറ്റുതുലയ്‌ക്കാനും നീക്കമുണ്ട്‌. പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകളെ പിന്തുണയ്‌ക്കുന്നതായും മേയർ പറഞ്ഞു.
 
കേന്ദ്രസർക്കാർ അഗ്നിപഥ്‌ പദ്ധതി പിൻവലിക്കണമെന്ന പ്രമേയവും കൗൺസിൽ പാസാക്കി. യുഡിഎഫ്‌ അംഗങ്ങൾ പ്രമേയത്തെ പിന്തണച്ചപ്പോൾ ബിജെപി എതിർത്തു. രാജ്യത്തിന്റെ സുരക്ഷാസേനയെ കാവിവൽക്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ കുബുദ്ധിയുടെ ഉൽപ്പന്നമാണ്‌ അഗ്നിപഥ്‌ എന്ന്‌ പ്രമേയം അവതരിപ്പിച്ച്‌ മേയർ പറഞ്ഞു. ഇന്ത്യൻ സായുധ സേനയ്‌ക്കു നേരെയുള്ള വെല്ലുവിളി കൂടിയാണിത്‌. ഹ്രസ്വകാല കരാർ കൊണ്ടുവരുന്നത്‌ സൈന്യത്തിന്റെ ഗുണനിലവാരത്തെയും പോരാട്ടവീര്യത്തെയും ബാധിക്കും. നാലുവർഷത്തിനുശേഷം സേവനം അവസാനിപ്പിക്കുന്നവരുടെ ഭാവി അനിശ്ചിതത്വത്തിലാക്കും. പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്നതായും മേയർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top