20 April Saturday

കോവിഡ്‌ ബാധിതർ 97

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020

തിരുവനന്തപുരം

തലസ്ഥാനത്ത്‌  നാലുപേർക്ക്‌ കൂടി  കോവിഡ്‌. തിങ്കളാഴ്‌ച  പരിശോധനാ ഫലം പോസി‌റ്റീവായവർ എല്ലാം വിദേശത്തുനിന്നെത്തിയവരാണ്‌. ഇതിൽ മൂന്നുപേർ‌ തമിഴ്‌നാട്ടുകാരാണ്‌. മസ്‌കത്തിൽ നിന്നെത്തിയ നഗരൂർ സ്വദേശിയായ അറുപത്തിയെട്ടുകാരനും കോവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗബാധിതരുടെ എണ്ണം 97 ആയി. 
 
കുവൈത്തിൽ നിന്നെത്തിയ നാഗപട്ടണം സ്വദേശി (38), ദോഹയിൽനിന്നും വന്ന തിരുനെൽവേലിക്കാരൻ (33) എന്നിവർക്കാണ്‌ കോവിഡ്‌. ഇതിനുപുറമേ വിദേശത്ത്‌ നിന്നെത്തിയ തൂത്തുക്കുടി സ്വദേശിയും രോഗബാധിതനായി. വിമാനത്താവളത്തിലെ ആന്റിബോഡി ടെസ്‌റ്റിൽ ഇവരുടെ ഫലം പോസി‌റ്റീവായിരുന്നു. തുടർന്ന്‌ ആശുപത്രിയിലേക്ക്‌ മാറ്റി. സ്രവപരിശോധനാ ഫലവും പോസി‌റ്റീവായതോടെയാണ്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. 
 
തിങ്കളാഴ്‌ച പുതുതായി  1252 പേർ നിരീക്ഷണത്തിലായി. ലക്ഷണങ്ങളുമായി 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  25912  പേർ വീടുകളിലും 1866 പേർ  സ്ഥാപനങ്ങളിലും 191 പേർ ആശുപത്രിയിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.  246 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 
 
ജില്ലയിലെ കണ്ടെയ്ൻ‌മെന്റ്‌ സോണിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്‌. പരമാവധി വീടിന്‌ പുറത്തിറങ്ങരുത്. ഗൃഹ സന്ദർശനങ്ങൾ പൂർണമായും  ഒഴിവാക്കണം.   ഒത്തുചേരൽ  പാടില്ല. പനി അല്ലെങ്കിൽ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ക്ഷീണം,  ശരീരവേദന, തലവേദന, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടൽ, തൊണ്ടവേദന , ശരീരവേദന, വയറിളക്കം , ഛർദി, ക്ഷീണം  അനുഭവപ്പെട്ടാൽ ഉടൻ   ആരോഗ്യപ്രവർത്തകരെയോ കൺട്രോൾ റൂം നമ്പറിലോ അറിയിക്കണം. റിവേഴ്സ് ക്വാറന്റെനിന്റെ ഭാഗമായി പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, അസുഖബാധിതർ എന്നിവർ  മറ്റംഗങ്ങളുമായി നേരിട്ട് സമ്പർക്കം വരാത്ത വിധം വായു സഞ്ചാരമുള്ള ശുചിമുറി സൗകര്യമുള്ള മുറിയിൽ   കഴിയണം. രോഗലക്ഷണമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട  നമ്പർ–-  1077,  1056, 0471- 2552056
 
പേരൂർക്കട, കുമരിച്ചന്ത മാർക്കറ്റുകളിൽ നഗരസഭയുടെ നേതൃത്വത്തിൽ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തുമെന്ന്‌ മേയർ കെ ശ്രീകുമാർ. ഇരുചന്തകളിലും മേയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. നിലവിലെ സാഹചര്യത്തിൽ ഇരു മാർക്കറ്റുകളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമില്ല. എന്നാൽ പരാതികൾ ഉയർന്നതിനെ തുടർന്ന്‌ ശക്തമായ നിരീക്ഷണം നടത്തും. ആൾക്കൂട്ടം നിയന്ത്രണാതീതമാണെങ്കിൽ ചാല, പാളയം മാർക്കറ്റുകളിൽ ഏർപ്പെടുത്തിയതിന് സമാനമായ ക്രമീകരണങ്ങൾ ഇവിടെയും നടപ്പാക്കുമെന്നും മേയർ പറഞ്ഞു.
 
നഗരസഭയുടെ പൗണ്ട് കടവ് വാർഡ് കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. മുക്കോലയ്ക്കൽ, തമ്പുരാൻനട, വേളി പാലം, സ്റ്റേഷൻ കടവ്, എന്നിവിടങ്ങളിൽ നിന്നു പൗണ്ട്കടവ് വാർഡിലേക്കുള്ള റോഡുകൾ അടച്ചു. 23 ന് കുളത്തൂരിലെ വിവാഹ വീട്ടിൽ എത്തിയ ദമ്പതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നിയന്ത്രണം. കുളത്തൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 55 പേരുടെ സ്രവം പരിശോധിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top