26 April Friday
പ്രതിഷേധത്തിൽ മുട്ടുമടക്കി

ശിവഗിരി തീര്‍ഥാടന സര്‍ക്യൂട്ട് പുനരുജ്ജീവിപ്പിക്കുമെന്ന് കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
തിരുവനന്തപുരം
ശിവഗിരി തീർഥാടന സർക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. പദ്ധതി റദ്ദാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് ഉയർന്ന സാഹചര്യത്തിലാണ്‌  തീരുമാനം.
 
പദ്ധതി റദ്ദാക്കരുതെന്ന്‌ ആവശ്യപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കത്ത് നൽകി.  തുടർന്ന്‌, പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് ടൂറിസം മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു.
 
 47 കോടി രൂപ അനുവദിച്ച്‌ കേന്ദ്ര സർക്കാർ നിർവഹണം ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ്‌ കോർപറേഷനെ ഏൽപ്പിച്ച പദ്ധതിയാണിത്‌. പ്രത്യേക കാരണമൊന്നും വ്യക്തമാക്കാതെയാണ് നേരത്തേ കേന്ദ്ര സർക്കാർ ഇത്‌ റദ്ദാക്കിയത്‌. 
 

സ്വാഗതാർഹം

 
സർക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം സ്വാഗതാർഹമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.  പദ്ധതി നടത്തിപ്പ് നടപടിക്രമം പാലിച്ച് സംസ്ഥാന ടൂറിസം വകുപ്പിനെ ഏൽപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്‌പിരിച്വൽ ടൂറിസം പദ്ധതികൂടി പുനരുജ്ജീവിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
 

ജനകീയ പ്രതിഷേധത്തിന്റെ വിജയം: ആനാവൂർ

 

ശിവഗിരി തീർഥാടന സർക്യൂട്ട് പദ്ധതിക്ക്‌  വേണ്ടിയുള്ള സമരത്തിൽ അണിനിരന്ന മുഴുവൻ ജനാധിപത്യവാദികളെയും സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അഭിവാദ്യംചെയ്‌തു. സംസ്ഥാന സർക്കാരിന്റെ സമ്മർദവും ഒറ്റക്കെട്ടായി ഉയർന്ന പ്രതിഷേധവും കണക്കിലെടുത്താണ് സർക്യൂട്ട് ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്രം പിന്മാറിയത്. 
 
സർക്യൂട്ട് ഉപേക്ഷിക്കാനുള്ള കേന്ദ്ര തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ ജനകീയ പ്രതിഷേധമാണ്‌ ഫലം കണ്ടത്‌. 
 
പദ്ധതി നടത്തിപ്പ് നടപടിക്രമം പാലിച്ച് സംസ്ഥാന ടൂറിസം വകുപ്പിനെ ഏൽപ്പിക്കുകയാണ് കേന്ദ്രം ഇനി ചെയ്യേണ്ടത്. ബിജെപി നേതാക്കളുടെ രാഷ്ട്രീയതാൽപ്പര്യങ്ങളും സമ്മർദവുമാണ് പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്. പദ്ധതി വിജയകരമായി പൂർത്തിയാകുംവരെ ജനങ്ങളുടെ നിതാന്ത ജാഗ്രത ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന്‌ അദ്ദേഹം അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top