05 February Sunday

"ആക്രമിച്ചത്‌ ഭീകരാന്തരീക്ഷമുണ്ടാക്കി'

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

വിഴിഞ്ഞം സ്റ്റേഷനിലെ പൊലീസ് ജീപ്പ് അക്രമികൾ സിമന്റ് ബ്ലോക്കും ചെടിച്ചട്ടിയും ഉപയോഗിച്ച് തകർത്ത നിലയിൽ

തിരുവനന്തപുരം

വീടിനുനേരെ വൈദികരുടെ നേതൃത്വത്തിൽവന്ന സംഘം എറിഞ്ഞ കല്ലുകളാണിത്‌... മുറ്റത്തുകിടന്ന കല്ലുകൾ എടുത്ത്‌ മുല്ലൂരിലെ കലുങ്ക്‌ നട റോഡിലെ രവീന്ദ്രൻനായർ പറഞ്ഞു. മകളും മരുമകനും പേരക്കുട്ടിയും ഇവിടെയാണ്‌ താമസം. ഭീകരാന്തരീക്ഷമുണ്ടാക്കിയാണ്‌ സമരസമിതി പ്രവർത്തകരുടെ അക്രമം. ശനിയാഴ്‌ച തുറമുഖനിർമാണത്തിനായി വന്ന ലോറികൾ തടഞ്ഞതിന്‌ പിന്നാലെയാണ്‌ സംഭവം.

 മുറ്റത്തെ ഈ മരമുണ്ടായതിനാലാണ്‌ കൂടുതൽ നാശനഷ്ടമുണ്ടാകാഞ്ഞത്‌. അക്രമം നടക്കുമ്പോൾ പേരക്കുട്ടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. മകൾ ഗർഭിണിയാണ്‌. എല്ലാവരും പേടിച്ചുപോയി...ഓട്ടോഡ്രൈവർകൂടിയായ രവീന്ദ്രൻനായർ പറഞ്ഞു. 

അക്കാണുന്നതെല്ലാം വയലായിരുന്നു, വീടിന്‌ മുന്നിലെ സ്ഥലം ചൂണ്ടി അദ്ദേഹവും ഭാര്യ കുശലകുമാരിയും പറഞ്ഞു. പദ്ധതി വേണ്ടെങ്കിൽ തുടങ്ങുന്നതിന്‌ മുമ്പ്‌ പറയാമായിരുന്നില്ലേ എന്നും അവർ ചോദിച്ചു. കൃഷി ചെയ്യാൻ കഴിയാത്തവിധം സ്ഥലത്ത്‌ നിർമാണം നടന്നു. ഇനി പദ്ധതി വേണ്ടെന്ന്‌ പറയുന്നതിനോട്‌ യോജിക്കാൻ കഴിയില്ലെന്ന്‌ സാമൂഹ്യനീതി വകുപ്പിൽനിന്ന്‌ വിരമിച്ച കുശലകുമാരി പറഞ്ഞു. 

 

വിഴിഞ്ഞം പദ്ധതി മുടങ്ങരുതെന്നത് 
എല്ലാവരുടെയും ആവശ്യം: ആനാവൂർ

തിരുവനന്തപുരം 

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുതെന്നാണ് എല്ലാ രാഷ്ട്രീയ സാമു​ദായിക സംഘടനകളുടെയും ആവശ്യമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാ​ഗപ്പൻ പറഞ്ഞു. 

കലക്ടറേറ്റിലെ സർവകക്ഷി യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറമുഖ നിർമാണം നടക്കണം. മറ്റു പ്രശ്‌നങ്ങൾ സമരസമിതി സർക്കാരുമായി ചർച്ച ചെയ്‌ത്‌ പരിഹരിക്കണം. സമരസമിതി ആവശ്യങ്ങളിൽ ഒന്നൊഴികെ സർക്കാർ അനുഭാവപൂർണമായ നിലപാടാണ്‌ സ്വീകരിച്ചത്‌. തുറമുഖ നിർമാണം നിർത്തവയ്‌ക്കാനാകില്ല. പരിസ്ഥിതി പഠനത്തിന്‌ സമിതിയെ ചുമതലപ്പെടുത്തി. കടലാക്രമണം നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 10 ഏക്കറിലേറെ ഭൂമി അനുവദിച്ചു. മുട്ടത്തറയിൽ ഫ്ലാറ്റ്‌ നിർമാണം ആരംഭിച്ചു. 

സ്വന്തമായി സ്ഥലംവാങ്ങി വീടുവയ്‌ക്കുന്നവർക്ക്‌ 10 ലക്ഷം രൂപ കൊടുക്കുന്നു. ഒട്ടേറെ പേർ അപേക്ഷ നൽകി. മുതലപ്പൊഴിയുടെ നിർമാണത്തെക്കുറിച്ച് പഠിക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിച്ചു. പ്രതികൂല കാലാവസ്ഥയിൽ കടലിൽ പോകാൻ കഴിയാതെവന്നാൽ മത്സ്യത്തൊഴിലാളികൾക്ക്‌ ദിനബത്ത വേണമെന്ന ആവശ്യവും അനുഭാവപൂർവം പരിഗണിക്കാമെന്ന്‌ സർക്കാർ അറിയിച്ചിട്ടുണ്ട്‌. പഞ്ഞമാസ സമാശ്വാസ പദ്ധതി ഉൾപ്പെടെ നിലവിലുണ്ട്‌. 

ഇത്രയേറെ സർക്കാർ ചെയ്‌തിട്ടുണ്ട്. സർവകക്ഷി യോഗം ചേർന്നത്‌ ശനി, ഞായർ ദിവസങ്ങളിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ്‌. ഒരു ഉപാധിയുടെ അടിസ്ഥാനത്തിലുള്ള ചർച്ച ആയിരുന്നില്ലെന്നും ആനാവൂർ പറഞ്ഞു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top