19 April Friday

പഠിക്കാം... ബസിലും ട്രെയിനിലുമിരുന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022
കോവളം
കൊബയാഷി മാഷിന്റെ തീവണ്ടി ക്ലാസിലിരുന്നു പഠിച്ച വികൃതിക്കുട്ടി ടോട്ടോച്ചാനെ പോലെ ബസിലും ട്രെയിനിലുമിരുന്ന് പാഠങ്ങൾ പഠിക്കാൻ കുരുന്നുകൾ. പൂങ്കുളം ഗവ. എൽപിഎസിലെ വിദ്യാർഥികൾക്കാണ്‌ പുതിയ പഠനരീതി ലഭ്യമാക്കുന്നത്‌. 
യഥാർഥ ബസിലും ട്രെയിനിലും അല്ലെങ്കിലും ക്ലാസ് മുറികൾ ഈ ആകൃതിയിലാണ്‌  നിർമിച്ചിരിക്കുന്നത്‌. കുട്ടികൾക്കായി വിവിധ പ്രവർത്തനയിടങ്ങളും നിർമിച്ചിട്ടുണ്ട്.
ബസ്‌, ട്രെയിൻ ക്ലാസ്‌മുറിക്കുള്ളിൽ വിവിധതരം ജീവികളുടെ ചിത്രങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ഈ ക്ലാസ്‌മുറികളിലെ പഠനം വിദ്യാർഥികൾക്ക് നവ്യാനുഭവമാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകർ.
നിലവാരമുള്ള പ്രീസ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായാണ് ക്ലാസ്‌മുറി ഇത്തരത്തിൽ പുനർനിർമിച്ചത്.  
ആവിഷ്കാര ഇടം,  കരകൗശലയിടം,  ശാസ്ത്രാനുഭവങ്ങൾക്കായുള്ള ഇടം,  ഭാഷാവികസനയിടം,  വർണയിടം,  താളമേളയിടം, ഗണിതയിടം തുടങ്ങിയവയും ക്ലാസ് മുറിയുടെ ഭാഗമാക്കും. കുഞ്ഞുങ്ങൾക്ക് സ്വതന്ത്രമായി വിഹരിക്കാനും പ്രവർത്തിക്കുവാനും കൂടുതൽ സ്ഥലം ഇതിലൂടെ ലഭ്യമാക്കും.
ക്ലാ സ് മുറികളും പ്രവർത്തനയിടങ്ങളും വ്യഴാഴ്ച രാവിലെ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മേയർ ആര്യ രാജേന്ദ്രൻ പങ്കെടുക്കും. സർവശിക്ഷാ കേരളയുടെ നക്ഷത്രക്കൂടാരം പദ്ധതിയുടെ ഭാഗമായി ലഭിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ്  ഇവ നിർമിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറി ക്ലാസ് മുറികൾ ഒരുക്കുകയാണ്  ലക്ഷ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top