19 December Friday

വ്യാജ പൊലീസ് ചമഞ്ഞ് കവര്‍ച്ച; 2 പേര്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023

കോവളം

വ്യാജ പൊലീസ് ചമഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പിൽ തൊഴിലാളികളെ ഭീക്ഷണിപ്പെടുത്തി കവർച്ച. മൂന്നു മലയാളികൾ ഉൾപ്പെട്ട ആറംഗ സംഘത്തിൽ രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 84,000 രൂപയും മൊബൈൽ ഫോണുകളും  തട്ടിയെടുത്തതായി പരാതിയിലുണ്ട്. തുടർന്ന് തൊഴിലാളികൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഇതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിലെ രണ്ടു പേരെയാണ് പിടികൂടിയത്. രക്ഷപ്പെടുന്നതിനിടയിൽ റോഡിൽ വീണ് ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റുവെന്ന് പൊലീസ് പറഞ്ഞു. പശ്ചിമ ബംഗാൾ ദിനാപുർ സ്വദേശി നൂർ അലമിയ (27), ചാല ഫ്രണ്ട്‌സ് നഗറിൽ ടിസി 34/222 ൽ ശ്രീഹരി (27) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ശനി രാത്രി 12.30 ഓടെ വെങ്ങാനൂർ നെല്ലിവിള മുളളുവിളയിൽ ജ്ഞാനശീലന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സംഭവം. സംഭവ സമയത്ത് ക്യാമ്പിൽ മുപ്പതോളം പേരുണ്ടായിരുന്നു. ഓട്ടോയിൽ എത്തിയ ആറംഗ സംഘം ക്യാമ്പിനുളളിൽ കയറി പൊലീസാണെന്ന വ്യാജേന ലഹരി വസ്തുക്കൾ ഉണ്ടെന്ന് പറഞ്ഞ് പരിശോധന നടത്തി. ചീട്ടുകളിക്കുന്ന സംഘത്തെ ചോദ്യം ചെയ്ത് വിരട്ടി. അവിടെയുണ്ടായിരുന്ന തൊഴിലാളികളുടെ പഴ്സിലും ഷർട്ടിലും സൂക്ഷിച്ചിരുന്ന 84,000 രൂപ കൈക്കലാക്കിയതോടെ തൊഴിലാളികൾ ബഹളം വയ്ക്കുകയായിരുന്നു. ആറംഗ സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രണ്ടു പേർ പിടിയിലാവുകയായിരുന്നു. രക്ഷപ്പെട്ടവരെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും പ്രതികൾ ഉടൻ  പിടിയിലാകുമെന്നും വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു. എസ്ഐമാരായ കെ എൽ സമ്പത്ത്, ജി വിനോദ്, ബിനുകുമാർ, ഹർഷകുമാർ, ജോൺ പോൾ, സിപിഒ പ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top