തിരുവനന്തപുരം
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ അസംബ്ലി മണ്ഡലങ്ങളിൽ നടത്തുന്ന ഔദ്യോഗിക പര്യടനം തലസ്ഥാന ജില്ലയിൽ ഡിസംബർ 21 മുതൽ 24വരെ നടക്കും. നവംബർ 19ന് കാസർകോട് ആരംഭിക്കുന്ന പ്രചാരണ പരിപാടി ഡിസംബർ 21ന് ജില്ലയിൽ പ്രവേശിക്കും. വർക്കലയിലാണ് ആദ്യ പരിപാടി. ഡിസംബർ 21ന് ആറ്റിങ്ങൽ, ചിറയിൻകീഴ്, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലും 22ന് അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലും 23ന് കോവളം, നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലുമാണ് പര്യടനം. ഡിസംബർ 24ന് കഴക്കൂട്ടം, തിരുവനന്തപുരം മണ്ഡലങ്ങളിൽ നടക്കുന്ന പരിപാടികളോടെ സമാപിക്കും.
ആറ്റിങ്ങൽ, കാട്ടാക്കട, തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രഭാതയോഗങ്ങളും നടക്കും. ഒരുക്കങ്ങൾക്കായി മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ എംഎൽഎമാരുടെയും ഉദ്യോഗസ്ഥരുടെയും ആലോചനാ യോഗം ചേർന്നു. എല്ലാ മണ്ഡലങ്ങളിലും എംഎൽഎമാർ ചെയർമാൻമാരായും ജില്ലാതല ഉദ്യോഗസ്ഥന്മാർ കൺവീനർമാരായും മണ്ഡലതല സംഘാടക സമിതികൾ ഒക്ടോബർ 15നകം രൂപീകരിക്കാൻ യോഗത്തിൽ ധാരണയായി. ഒക്ടോബർ 30ന് മുമ്പ് പഞ്ചായത്ത് / വാർഡ് തലത്തിലും ബൂത്ത് തലങ്ങളിലുമുള്ള സംഘാടക സമിതികളും രൂപീകരിക്കും.
ജില്ലയുടെ ചുമതലയുള്ള മന്ത്രി ആന്റണി രാജു ചെയർമാനായും കലക്ടർ ജെറോമിക് ജോർജ് ജനറൽ കൺവീനറായും എംഎൽഎമാർ, മണ്ഡലതല സംഘാടക സമിതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ തുടങ്ങിയവർ അംഗങ്ങളായും ജില്ലാതല സംഘാടക സമിതിയും രൂപീകരിച്ചു.
യോഗത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, എംഎൽഎമാരായ ഒ എസ് അംബിക, ജി സ്റ്റീഫൻ, ഡി കെ മുരളി, കെ ആൻസലൻ, സി കെ ഹരീന്ദ്രൻ, വി ജോയ്, വി കെ പ്രശാന്ത്, എംഎൽഎമാരുടെ പ്രതിനിധികൾ, കലക്ടർ ജെറോമിക് ജോർജ്, എഡിഎം ജെ അനിൽ ജോസ്, സബ് കലക്ടർ അശ്വതി ശ്രീനിവാസ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..