തിരുവനന്തപുരം
പൂജപ്പുര സെൻട്രൽ ജയിലിലെ സെല്ലിൽനിന്ന് മൊബൈൽ ഫോൺ കണ്ടെടുത്ത സംഭവത്തിൽ സസ്പെൻഡ് ചെയ്ത തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ സന്തോഷ് കുമാറിനെ അറസ്റ്റ് ചെയ്തേക്കും. കൂടുതൽ ചോദ്യം ചെയ്ത ശേഷമാകും അറസ്റ്റ്. വകുപ്പുതല അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് ചൊവ്വാഴ്ച സന്തോഷ് കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ജയിലിനുള്ളിൽ തടവുകാരൻ ഉപയോഗിച്ചിരുന്ന ഫോണിലേക്ക് സന്തോഷ് കുമാർ ബന്ധപ്പെട്ടതായി കണ്ടെത്തിയിരുന്നു.
പൂജപ്പുര സെൻട്രൽ ജയിലിൽ ജോലി ചെയ്തിരുന്ന സന്തോഷ് കുമാറിനെ ഫോൺ കണ്ടെടുത്ത സംഭവത്തിൽ ആരോപണം നേരിട്ടതിനെ തുടർന്നാണ് സ്‌പെഷ്യൽ സബ് ജയിലിലേക്കു മാറ്റിയത്. മൊബൈൽ ഉപയോഗിക്കാൻ സഹായം നൽകിയെന്നും ഇതിനായി പണം വാങ്ങിയെന്നും സന്തോഷ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. 30 പേരടങ്ങുന്ന സെല്ലിൽ തടവുശിക്ഷ അനുഭവിക്കുന്ന റിയാസാണ് മൊബൈൽ ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തി. ആ ഫോണിലേക്ക് വന്നിരിക്കുന്നത് 43 കോളാണ്. ഇതിൽ മൂന്നു കോൾ ഡെപ്യൂട്ടി ജയിൽ സൂപ്രണ്ട് സന്തോഷിന്റെതാണ്. ആലപ്പുഴ സ്വദേശിയായ തടവുകാരനാണ് സിംകാർഡ് ജയിലിലെത്തിച്ചതെന്ന് പൊലീസ് പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..