കിളിമാനൂർ
വാമനപുരം നദി മറികടക്കുന്നതിനായി കരവാരം കട്ടപ്പറമ്പ് മുള്ളിയൻ കടവിൽ നാട്ടുകാർ ഉപയോഗിച്ചിരുന്ന കടത്ത് വള്ളം നിർത്തലാക്കിയതിൽ വൻ പ്രതിഷേധം. കരവാരം പഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് കട്ടപ്പറമ്പ്. ഇവിടെനിന്ന് ആറ്റിങ്ങൽ, അവനവഞ്ചേരി തുടങ്ങിയ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കട്ടപ്പറമ്പ് മുള്ളിയൻ കടവ് ഭാഗത്തേക്കുള്ള കടത്താണ് കഴിഞ്ഞ മാസം നിർത്തലാക്കിയത്. കട്ടപ്പറമ്പിൽ നിന്ന് നദിക്ക് അക്കരെ ആറ്റിങ്ങൽ പ്രദേശങ്ങളിൽ എത്താനുള്ള എളുപ്പ മാർഗമാണിത്.
കരവാരം പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് കടത്ത് നടന്നുകൊണ്ടിരുന്നത്. വള്ളം നിർത്തിയതോടെ 15 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ആറ്റിങ്ങൽ മേഖലകളിൽ പഠിക്കുന്ന വിദ്യാർഥികളും ചുറ്റിക്കറങ്ങേണ്ട അവസ്ഥയാണ്. ഇക്കാര്യം ബിജെപി ഭരിക്കുന്ന കരവാരം പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചെങ്കിലും ഭരണസമിതി അനുകൂല നിലപാട് എടുത്തില്ല.
കടത്തിനായി പ്രതിമാസം തോണി തുഴയുന്നയാൾക്ക് നല്കുന്ന പതിനെട്ടായിരം രൂപ അനാവശ്യ ചെലവാണ് എന്ന് പറഞ്ഞ് വയ്ക്കാനും പ്രസിഡന്റ് മറന്നില്ല. കടത്തുവള്ളം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം സംഘടിപ്പിച്ചു. വഞ്ചിയൂർ ലോക്കൽ സെക്രട്ടറി എം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരവാരം പഞ്ചായത്ത് പ്രസിഡന്റും കൂട്ടാളികളും ചേർന്ന് വയലിൽ നിന്ന് മണൽ കടത്തൽ നടത്തിയത് വില്ലേജ് ഓഫീസറെ അറിയിച്ചത് കടത്തുകാരാനാണ് എന്നതിന്റെ പ്രതികാരമായാണ് കടത്ത് ബിജെപി ഭരണസമിതി അവസാനിപ്പിച്ചതെന്ന് സിപിഐ എം നേതാക്കൾ ആരോപിച്ചു. കടത്തുവള്ളം പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ എം നേതാക്കൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..