28 March Thursday

തൊഴിൽ മേഖല സ്‌തംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 28, 2021

സംയുക്ത ട്രേഡ് യൂണിയൻ സമിതി ജിപിഒയ്ക്ക് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കുന്ന തൊഴിലാളികൾ ഫോട്ടോ: എ ആർ അരുൺരാജ്

തിരുവനന്തപുരം
സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌ത ഭാരത്‌ ബന്ദിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ സംസ്ഥാനത്ത്‌ നടന്ന ഹർത്താലിൽ തൊഴിൽ മേഖല നിശ്‌ചലമായി. 19 തൊഴിലാളി സംഘടന സംസ്ഥാനത്ത്‌ ഹർത്താലിൽ പങ്കെടുത്തു. 
 
മോട്ടോർ മേഖലയിലെ തൊഴിലാളികൾ പൂർണമായും പണിമുടക്കി. വ്യവസായ തൊഴിലാളികൾ, ജീവനക്കാർ, ബാങ്ക്, ഇൻഷുറൻസ്, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, തുറമുഖ തൊഴിലാളികൾ, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ്‌ തൊഴിലാളികൾ, മീൻപിടിത്ത, വിതരണ തൊഴിലാളികൾ, തോട്ടംതൊഴിലാളികൾ എന്നിവരും പണിമുടക്കി. പരമ്പരാഗത മേഖലയിലെ തൊഴിലാളികളും ജോലിയിൽനിന്ന് വിട്ടുനിന്നു. 
 
കയറ്റിറക്ക്‌ മേഖലയിലും നിർമാണമേഖലയിലും പണിമുടക്ക്‌ പൂർണമായി. സ്കീം വർക്കർമാരും പണിമുടക്കി. മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാർ ഹർത്താലിന് പിന്തുണ അറിയിച്ച് മനുഷ്യശൃംഖലയിൽ അണിനിരന്നു. കിൻകോ, വല്ലാർപാടം, കണ്ടെയ്നർ ടെർമിനലുകൾ, സ്പെഷ്യൽ ഇക്കണോമിക് സോൺ, ലോജിസ്റ്റിക് മേഖലകളിലും തൊഴിലാളികൾ ജോലിക്ക് ഹാജരായില്ല.
 
സംസ്ഥാനത്ത്‌ അമ്പതിനായിരം കേന്ദ്രത്തിലായി എട്ടു ലക്ഷം തൊഴിലാളികൾ ഹർത്താൽ ദിവസം നടന്ന മനുഷ്യശൃംഖലയിൽ പങ്കെടുത്തു. 
 
തിരുവനന്തപുരം ജിപിഒയ്‌ക്കു മുന്നിലെ പ്രതിഷേധം ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്‌തു. 
 
സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി. എ കെ ബാലൻ, ആനാവൂർ നാഗപ്പൻ, കെ എൻ ഗോപിനാഥ്, കെ എസ് സുനിൽകുമാർ, സോണിയ ജോർജ്‌, സി ജയൻബാബു, സി പി ജോൺ, സോളമൻ വെട്ടുകാട്, ആർ രാമു, ടി എൻ പ്രതാപൻ, സദാനന്ദൻ, കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ്‌ കെ പി റെജി എന്നിവർ സംസാരിച്ചു. ഗാന്ധിപാർക്കിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. 
 
ഹർത്താലിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ദേശാഭിമാനി ജീവനക്കാർ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ ചീഫ്‌ ന്യൂസ്‌ എഡിറ്റർ മനോഹരൻ മോറായി, സിപിഐ എം ദേശാഭിമാനി ലോക്കൽ സെക്രട്ടറി പി അനിൽകുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top