23 April Tuesday

ശിവാ... കേറിവാടാ...

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

ശിവയും ആദിദേവും

കോവളം ഫ്ലാഷ്‌ബാക്ക്‌: തൊടുപുഴയിൽ ഓൾ കേരള സിൽവർസ്റ്റാർ റോളർ സ്‌കേറ്റിങ് മത്സരം. വിസിൽ മുഴങ്ങിയതും കുതിക്കാൻ മുന്നോട്ടാഞ്ഞ എട്ടുവയസുകാരൻ ശിവ കാൽതെറ്റി വീഴുന്നു. ട്രാക്കിനു സമീപം ഗാലറിക്കിപ്പുറമിരുന്ന സഹോദരൻ ആദിദേവ്‌ ആദ്യമൊന്നു പതറി.
 
പിന്നെയവൻ കുഞ്ഞുസഹോദരനെ സർവ ശക്തിയുമെടുത്ത്‌ ഉച്ചത്തിൽ പേരുവിളിച്ചു എടാ... ശിവാ... കേറിവാടാ.... തൊണ്ടപൊട്ടിയുള്ള ആദിയുടെ വിളിയുടെ ഊർജത്തിൽ ശിവ ഒന്നാമതെത്തി. മൊബൈലിൽ പകർത്തിയ ഈ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ നാട്ടിലെ താരങ്ങളായി ഇവർ.
 
ഇന്നിപ്പോൾ ആദിയുടെ വാക്കുകൾ ലോകമെമ്പാടും കായികപ്രേമികൾ ആഘോഷിക്കുകയാണ്‌. സോഷ്യൽ മീഡിയയിൽ തരംഗമായി കൊണ്ടിരിക്കുന്നു ആ വീഡിയോ. വെങ്ങാനൂർ കിടാരക്കുഴി സ്വാഗത് നഗറിൽ ഇടയിൽവിള പുത്തൻ വീട്ടിൽ ജി സന്തോഷ്‌കുമാറിന്റെയും സൂര്യകലയുടെയും മക്കളാണ് കാഴ്‌ചക്കാരുടെ ഹൃദയം കീഴടക്കിയ വീഡിയോയിലെ താരങ്ങൾ, ഏഴാം ക്ലാസുകാരൻ ആദിദേവും മൂന്നാം ക്ലാസുകാരൻ ശിവയും. റോളർസ്‌കേറ്റിങ്‌ മത്സരത്തിന്റെ തുടക്കത്തിൽതന്നെ വീണുപോയ സഹോദരനെ പ്രോത്സാഹിപ്പിക്കുകയും അവൻ ഒന്നാംസ്ഥാനത്തെത്തുന്നതുമാണ് വീഡിയോ. തൊടുപുഴയിൽ നടന്ന ഓൾ കേരള സിൽവർസ്റ്റാർ റോളർ സ്‌കേറ്റിങ് മത്സരത്തിനിടെയാണ് സംഭവം. 

ഏഴ് മുതൽ ഒമ്പത് വരെ പ്രായക്കാരുടെ സ്‌കേറ്റിങ് മത്സരം വിസിലിനു പിന്നാലെ ആരംഭിച്ചപ്പോൾ തന്നെ ശിവ എന്ന മിടുക്കൻ കാൽതെറ്റി താഴെ വീണു. ചാടിയെഴുന്നേറ്റ അവൻ പിറകെ വച്ചുപിടിച്ചു. ഏറ്റവും പിന്നിലായിരുന്ന അവനെ കാണികൾക്കിടയിലിരുന്ന്‌ സഹോദരൻ ആദിദേവ്‌ പ്രോത്സാഹിപ്പിക്കുന്നതാണ് വീഡിയോ. ശിവാ.. കേറടാ, ശിവാ കേറടാ എന്ന് എല്ലാ ശക്തിയുമെടുത്ത് ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു ആദി. ഈ പ്രോത്സാഹനത്തിൽ ഓ രോ ലാപ്പ് കഴിയുമ്പോഴും ഓ രോ മത്സരാർഥിയെയും പിന്നിലാക്കി ശിവ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന വീഡിയോ കാഴ്‌ച്ചക്കാരിലും ആവേശവും സന്തോഷമേളവും തീർക്കുന്നതാണ്‌. 

ഇരുവർക്കും അഭിനന്ദനപ്രവാഹമാണ് ഇപ്പോൾ. ടൂർണമെന്റിൽ ആകെ മൂന്ന് സ്വർണമാണ് ദേശീയ താരം കൂടിയായ ശിവ നേടിയത്. ആദിദേവ് സംസ്ഥാനതാരമാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top